പുനലൂർ: പട്ടണത്തിലെ സ്റ്റേഷനറി കട തീപിടിച്ച് നശിച്ചു. മാർക്കറ്റിന് സമീപം മെയിൻ റോഡിലെ താജ് സ്റ്റോറിലാണ് (കപ്പലണ്ടിക്കട) തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. രണ്ടുനിലകളിലായുള്ള കടയിലെ എല്ലാ സാധനങ്ങളും ചാമ്പലായി. ഒരു കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ മാർക്കറ്റ് റോഡ് കൊച്ചുവിള വീട്ടിൽ നിസാം പറഞ്ഞു.
പുനലൂർ ഫയർഫോഴ്സിലെ രണ്ട് യൂനിറ്റെത്തി ഒന്നരമണിക്കൂറോളം പരിശ്രമിച്ചാണ് തീ െകടുത്തിയത്. കടയുടെ മുന്നിലെ ഷട്ടറുകൾ തുറക്കാൻ പ്രയാസപ്പെട്ടത് രക്ഷാപ്രവർത്തനം വൈകിപ്പിച്ചു. അവസാനം ഷട്ടറുകൾ തകർത്താണ് തീ കെടുത്തിയത്. തീ പുറത്തേക്ക് വ്യാപിക്കാതെ അണച്ചതുകാരണം ചുറ്റുവട്ടത്തുള്ള കടകളിലേക്ക് പടരുന്നത് ഒഴിവായി.
ഇൗ കടയുടെ സമീപത്താണ് സെപ്ലെകോയുടെ ത്രിവേണി സൂപ്പർമാർക്കറ്റ് അടക്കമുള്ളത്. തീപിടിത്തത്തിൽ കടയുടെ കോൺക്രീറ്റിനും ഭീത്തിക്കും നാശം നേരിട്ടു. ഓണക്കാല കച്ചവടത്തിന് സ്റ്റേഷനറി, പ്ലാസ്റ്റിക്, ഭക്ഷണസാധനങ്ങൾ അടക്കം സാധനങ്ങൾ കൂടുതലായി കടയുടെ രണ്ടാമത്തെ നിലയിൽ സൂക്ഷിച്ചിരുന്നു. സാധനങ്ങളുടെ വിലകൂടാതെ തിങ്കളാഴ്ചത്തെ കച്ചവടത്തിൽ ലഭിച്ചതും ബാങ്കിൽനിന്ന് വായ്പയെടുത്തിരുന്നതുമായ നാലുലക്ഷം രൂപയും പൂർണമായും കത്തിപ്പോയി. പാതിവെന്ത അഞ്ഞൂറിെൻറ നോട്ട് അടക്കം കടക്കുള്ളിൽ കാണാമായിരുന്നു. രാത്രി കടയടച്ചപ്പോൾ മെയിൻ സ്വിച്ച് ഓഫ് ചെയ്തിരുന്നതായി കടയുടമ പറഞ്ഞു.
വൈദ്യുതി ഷോർട്ട് സർക്യൂട്ടല്ല തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായതായി കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു. എന്നാൽ, ഷോർട്ട് സർക്യൂട്ട് സാധ്യതയാണ് തീപിടിക്കാൻ ഇടയാക്കിയതെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. 40 ലക്ഷത്തോളം രൂപയുടെ നഷ്ടവും ഫയർഫോഴ്സ് കണക്കാക്കി. പുനലൂർ ഫയർസ്റ്റേഷനിലെ അസി.ഓഫിസർമാരായ നസീർ, കെ. അശോകൻ, സേനാംഗങ്ങളായ ടി. സജിത്ത്, മനോജ്, ഷൈൻ ബേബി, സുജേഷ്, അഖിൽ, അനുമോൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. കടയുടമയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പുനലൂർ പൊലീസും അന്വേഷണം തുടങ്ങി.
പുനലൂരിലെ കടകളിലെ തീപിടിത്തത്തിൽ ദുരൂഹത തുടരുന്നു
പുനലൂർ: പട്ടണത്തിലെ വ്യാപാരകേന്ദ്രങ്ങളിൽ അടിക്കടിയുണ്ടാകുന്ന തീപിടിത്തം ദുരൂഹത ഉയർത്തുന്നു. അടുത്തകാലത്തായി നിരവധി കടകൾ തീപിടിത്തത്തിൽ നശിച്ച് വൻനഷ്ടം വ്യാപാരികൾക്കുണ്ടായിരുന്നു. എസ്.ബി.ഐക്ക് സമീപത്തെ 199 വിൽപനശാല, ഗവ.എച്ച്.എസ്.എസിന് മുന്നിൽ ഏഴ് കടകൾ കത്തിയത്, മാർക്കറ്റിലെ ചില പച്ചക്കറിക്കടകൾ കത്തിയത് തുടങ്ങിയവ ഇതിൽ പ്രധാനപ്പെട്ടതാണ്. ഇതിൽ ഒന്നിൽപോലും തീപിടിത്തത്തിെൻറ യഥാർഥ കാരണം കണ്ടെത്താൻ അധികൃതർക്കടക്കം കഴിയുന്നില്ല.തീപിടിച്ച മാർക്കറ്റിന് സമീപത്തെ താജ് സ്റ്റോറിലെ തീ പിടിത്തത്തിലും ഉടമ ദൂരൂഹത പറയുന്നുണ്ട്.
വൈദ്യുതി ഷോർട്ട് സർക്യൂട്ടല്ലെന്ന് കെ.എസ്.ഇ.ബി അധികൃതർ ഉറപ്പിക്കുന്നതോടെ ആരെങ്കിലും തീയിട്ടതാണോയെന്ന് സംശയമുയരുന്നു. മുമ്പ് തീപിടിത്തമുണ്ടായി കടകളിലും സമാന സാഹചര്യമായിരുന്നു. ഫോറൻസിക് സംഘം അടക്കം തെളിവെടുത്തിട്ടും യഥാർഥ കാരണം പുറത്തുവരുന്നില്ല.
തീപിടിത്തം: ജാഗ്രതക്കുറവ് നഷ്ടം ഇരട്ടിയാക്കി
പുനലൂർ: താജ് സ്റ്റോറിനുള്ളിൽനിന്ന് പുകയുയരുന്നത് നേരത്തേതന്നെ മാർക്കറ്റിന് സമീപമുണ്ടായിരുന്ന പലരുടെയും ശ്രദ്ധയിൽപെട്ടിരുന്നു. രാത്രി ഒമ്പതോടെ കടയടച്ച് പോകുമ്പോൾ മെയിൻ സ്വിച്ച് ഓഫ് ചെയ്താണ് കടയിലുള്ളവർ പോയത്. തൊട്ടുപിന്നാലെ കടയിൽനിന്ന് പുക ഉയരുന്നത് പരിസരത്തുണ്ടായിരുന്ന പലരും കണ്ടതാണ്. സമീപത്ത് ചവറുകൾ കത്തിക്കുന്നതിെൻറ പുകയാണെന്ന് ധരിച്ച് ആരും കാര്യമാക്കിയില്ല.
തുടർന്ന് പ്ലാസ്റ്റിക് അടക്കം വലിയതോതിൽ കത്തി പുകയും തീയും പുറത്തേക്ക് ദൃശ്യമായതോടെയാണ് കടക്കുള്ളിലെ തീപിടിത്തമാെണന്ന് മനസ്സിലാക്കിയത്. ഇത് കഴിഞ്ഞ് രണ്ടുമണിക്കൂറോളം കഴിഞ്ഞാണ് പുനലൂർ ഫയർഫോഴ്സിൽ വിവരം ലഭിക്കുന്നത്. ഇതിനകം കടക്കുള്ളിലെ മിക്ക സാധനങ്ങളും കത്തിപ്പോയി. ഉടൻതന്നെ ഫയർഫോഴ്സ് എത്തിയെങ്കിലും കടയുടെ മുന്നിലെ ഷട്ടർ തുറക്കാനായില്ല. അവസാനം ഏറെ പണിപ്പെട്ട് ഷട്ടറിെൻറ ഒരുഭാഗം തകർത്ത് രക്ഷാപ്രവർത്തനം തുടങ്ങുമ്പോഴേക്കും കടക്കുള്ളിലെ ഫർണിച്ചർ, കറൻസി അടക്കം മുഴുവൻ സാധനങ്ങളും നശിച്ചിരുന്നു. പുക ഉയരുന്നത് കണ്ട സമയത്തുതന്നെ രക്ഷാപ്രവർത്തനം നടത്താനായെങ്കിൽ വലിയ നഷ്ടം ഒരുപരിധിവരെ ഒഴിവാക്കാമായിരുന്നു.
'അന്വേഷണം നടത്തണം'
പുനലൂർ: പട്ടണത്തിലെ വ്യാപാരകേന്ദ്രങ്ങൾ പതിവായി തീപിടിച്ച് നശിക്കുന്നതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി വസ്തുത പുറത്തുകൊണ്ടുവരണമെന്ന് പുനലൂർ മർച്ചൻറ് ചേംബർ ആവശ്യപ്പെട്ടു. അടുത്തകാലത്തായി ചെറുതും വലുതുമായി ഒരു ഡസനോളം കടകൾ കത്തി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഉടമകൾക്കുണ്ടായിട്ടുണ്ട്.
തീപിടിത്തത്തിനുള്ള കാരണം കണ്ടെത്താൻ അധികൃതർക്ക് കഴിയാത്തത് മറ്റ് കടക്കാരെയും ആശങ്കയിലാക്കുന്നു. വൈദ്യുതി ഷോർട്ട് സർക്യൂട്ട് സാധ്യത അധികൃതർ നിഷേധിക്കുന്നുണ്ടെങ്കിലും കടകളിലെ കണക്ഷനുകൾ പലതും സുരക്ഷയില്ലാത്തനിലയിലാണ്. വോൾട്ടേജ് വ്യതിയാനവും പലപ്പോഴും പ്രശ്നം സൃഷ്ടിക്കുന്നതായി ചേംബർ പ്രസിഡൻറ് എസ്. നൗഷറുദീൻ ആരോപിച്ചു. തീപിടിത്തമുണ്ടായ കടയുടമക്ക് മതിയായ നഷ്ടപരിഹാരം സർക്കാർ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കടയുടമക്ക് ആശ്വാസമേകുന്ന നടപടി അധികൃതർ സ്വീകരിക്കണമെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറി സി. അജയപ്രസാദും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.