പുനലൂർ: ആവശ്യമായ സൗകര്യങ്ങളില്ലാതെ തെന്മല മൃഗസംരക്ഷണ ചെക്പോസ്റ്റ്; ജില്ലയുടെ അതിർത്തിവഴി പരിശോധനയില്ലാതെ ഭക്ഷ്യവസ്തുക്കളും കന്നുകാലികളും കടത്തുന്നത് വ്യാപകം. ഇതരസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്ന കന്നുകാലികൾ, മുട്ട തുടങ്ങിയവ ചെക്പോസ്റ്റിൽ മതിയായ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ പരിശോധനയില്ലാതെയാണ് അതിർത്തി കടക്കുന്നത്. മാംസത്തിനും വളർത്താനും ഇവിടേക്കു കൊണ്ടുവരുന്ന കന്നുകാലികളും കോഴി, താറാവ് തുടങ്ങിയവയും രോഗബാധിതമല്ലെന്നും മുട്ടയടക്കം മറ്റ് ഉൽപന്നങ്ങൾ ഭക്ഷ്യയോഗ്യമാണോയെന്നും കണ്ടെത്തുന്നതിനാണ് ചെക്പോസ്റ്റ് പരിശോധന നിർബന്ധമാക്കിയിരിക്കുന്നത്. കൂടാതെ ഇവക്ക് പ്രവേശനനികുതിയും ഈടാക്കണം. കന്നുകാലിരോഗങ്ങൾ, പക്ഷിപ്പനിയടക്കം നിയന്ത്രിക്കുന്നതിനും ഉദ്ദേശിച്ചാണ് കന്നുകാലി പ്ലേഗ് നിർമാർജന യജ്ഞത്തിന്റെ ഭാഗമായി ചെക്പോസ്റ്റിൽ പരിശോധന ഏർപ്പെടുത്തിയിരിക്കുന്നത്. തെന്മല തടി ഡിപ്പോക്ക് സമീപം പ്രവർത്തിക്കുന്ന ചെക്പോസ്റ്റിൽ ഇത്തരം വാഹനങ്ങൾ തടയാൻ ബാരിക്കേഡ് സംവിധാനമില്ല. ചെക്പോസ്റ്റ് ജീവനക്കാർ കൈകാണിച്ചു നിർത്തുന്ന വാഹനങ്ങളേ പരിശോധിക്കാനാകുന്നുള്ളൂ. നിർത്താത്ത വാഹനങ്ങളെ പിന്തുടർന്ന് പിടിക്കാനോ നടപടി സ്വീകരിക്കാനോ ജീവനക്കാർക്ക് കഴിയുന്നില്ല.
തമിഴ്നാട്ടിൽ നിന്നും മറ്റ് ചരക്കുകൾ കൊണ്ടുവരുന്ന വാഹനത്തിന്റെ തൊട്ടുപിന്നാലെയാണ് പലപ്പോഴും കന്നുകാലികളെ കയറ്റിയ വാഹനങ്ങളും എത്തുന്നത്. മറ്റ് ചരക്ക് വാഹനങ്ങൾ ഇവിടെ പരിശോധിക്കേണ്ടതില്ലാത്തതിനാൽ നിർത്താറില്ല. ഇതിന്റെ മറവിൽ കന്നുകാലികളെയും മുട്ടയും കൊണ്ടുവരുന്ന വാഹനങ്ങളും കടന്നുപോവുകയാണ്.
10 കിലോമീറ്റർ അകലെ ആര്യങ്കാവിൽ മോട്ടോർവാഹന ചെക്പോസ്റ്റിനോട് അനുബന്ധിച്ചാണ് ബാരിക്കേഡ് സംവിധാനമുള്ളത്. തെന്മലയിലും ബാരിക്കേഡ് സ്ഥാപിക്കുകയോ കന്നുകാലി ചെക്പോസ്റ്റ് ആര്യങ്കാവിലെ മോട്ടോർ വെഹിക്കിൾ ചെക്പോസ്റ്റിനോട് അനുബന്ധിച്ച് മാറ്റിസ്ഥാപിക്കുകയോ ചെയ്താലേ പരിശോധന കുറ്റമറ്റതാവൂയെന്ന് ജീവനക്കാർ പറയുന്നു. പരിശോധയിലെ അപാകത രോഗബാധിതവും ഭക്ഷ്യയോഗ്യവുമല്ലാത്തതുമായ കന്നുകാലികളുടെ വരവിനൊപ്പം പ്രവേശന ഫീസ്, അഡ്മിനിസ്ട്രേറ്റിവ് ചാർജ് ഇനത്തിൽ ലഭിക്കേണ്ട വലിയ തുകയും നഷ്ടപ്പെടുത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.