കൊല്ലം: ക്ഷേത്രങ്ങളും അടഞ്ഞുകിടക്കുന്ന വീടുകളും കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായി. കൊല്ലം അയത്തിൽ പുത്തൻവിളവീട്ടിൽ നജുമുദ്ദീൻ എന്ന നജീം (51) ആണ് പൊലീസിന്റെ പിടിയിലായത്. രാമൻകുളങ്ങര കൊച്ചുനട ദേവീക്ഷേത്രത്തിനുള്ളിലെ അലമാര കുത്തിത്തുറന്ന് മോഷണം നടത്തിയതുമായി ബന്ധപ്പെട്ട് ശക്തികുളങ്ങര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് പിടിയിലായത്. നിരവധി സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവിനെപ്പറ്റി വ്യക്തമായ വിവരങ്ങൾ ശേഖരിച്ച ശേഷം ശക്തികുളങ്ങര പൊലീസും ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് ശക്തികുളങ്ങര, ഗോപിക്കട ജങ്ഷന് സമീപത്ത് നിന്ന് ഇയാൾ പിടിയിലായത്. ഇയാളുടെ പക്കൽനിന്ന് പല സ്ഥലങ്ങളിൽ നിന്നായി മോഷണത്തിലൂടെ സ്വന്തമാക്കിയ 55,200 രൂപയും മൂന്ന് പവനോളം വരുന്ന സ്വർണാഭരണങ്ങളും പൊലീസ് കണ്ടെടുത്തു. തുടർന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ ഇയാളെ ചോദ്യം ചെയ്തപ്പോൾ ക്ഷേത്രങ്ങളും അടഞ്ഞുകിടക്കുന്ന വീടുകളും കേന്ദ്രീകരിച്ച് ഇയാൾ നിരവധി മോഷണങ്ങൾ നടത്തിയതായി സമ്മതിച്ചിട്ടുണ്ട്.
കൊല്ലം എ.സി.പി പ്രദീപിന്റെ നിർദേശപ്രകാരം ശക്തികുളങ്ങര ഇൻസ്പെക്ടർ അനൂപിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഐ.വി. ആശ, വിനോദ്, അജയൻ, പ്രദീപ്, എസ്.സി.പി.ഒമാരായ അബു താഹിർ, വിനോദ്, എസ്.ഐ കണ്ണന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം അംഗങ്ങളായ ബൈജു ജെറോം, രിപു, രതീഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.