ശാസ്താംകോട്ട: മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച ശാസ്താംകോട്ട കായൽദുരന്തം നടന്നിട്ട് 41 ആണ്ട്. 1982 ജനുവരി 16ന് ശാസ്താംകോട്ട കായലിൽ വള്ളം മുങ്ങി 24 പേരാണ് മരിച്ചത്. മകര പൊങ്കലിന് തലേദിവസം പ്രസിദ്ധമായ ശാസ്താംകോട്ട ചന്തയിലെത്തി സാധനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും പോയ പടിഞ്ഞാറേകല്ലട സ്വദേശികളാണ് മരിച്ചവരിൽ ഏറെയും.
മരിച്ച 24 പേരിൽ 22പേരും പടിഞ്ഞാറെ കല്ലടയിലെ വിളന്തറ ദേശക്കാരായിരുന്നു. സാധനങ്ങൾ വാങ്ങി ശാസ്താംകോട്ട അമ്പലക്കടവിൽനിന്ന് പടിഞ്ഞാറെ കല്ലടയിലെ വെട്ടോലിക്കടവിലേക്ക് കടത്ത് വള്ളത്തിൽ ആളുകൾ കയറി.
കൂടുതൽ ആളുകൾ കയറിയപ്പോൾ കടത്തുകാർ മുന്നറിയിപ്പ് നൽകിയെങ്കിലും ആരും വകെവച്ചില്ല. കായലിന്റെ നടുക്ക് എത്തിയതോടെ വള്ളം ആടിയുലയാൻ തുടങ്ങി. ഇത് കണ്ട് തീരത്ത് നിന്ന് മറ്റൊരു വള്ളം വന്നു. ഉടൻ തന്നെ എല്ലാവരും ഈ വള്ളത്തിൽ കയറാൻ തിക്കിത്തിരക്കിയതോടെ രണ്ട് വള്ളങ്ങളും മറിഞ്ഞു. വള്ളക്കാരും നീന്തൽ അറിയാവുന്നവരും ഏറെ പേരെ രക്ഷപ്പെടുത്തിയെങ്കിലും 24 പേർ ശാസ്താംകോട്ട കായലിന്റെ കാണാക്കയത്തിൽ മുങ്ങിത്താണു.
കൊച്ചിയിൽനിന്ന് മുങ്ങൽ വിദഗ്ധരെത്തിയാണ് മൂന്ന് ദിവസത്തിന് ശേഷം മൃതദേഹങ്ങൾ പൂർണമായി കണ്ടെടുത്തത്. ആ കാലഘട്ടത്തിൽ കായലിന്റെ ആഴത്തെ സംബന്ധിച്ച് അഭ്യൂഹങ്ങൾ പ്രചരിച്ചു. രക്ഷപ്പെട്ടവരും മറ്റ് പലരെയും രക്ഷപ്പെടുത്തിയവരെക്കുറിച്ചും സാഹസ കഥകൾ പ്രചരിച്ചു.
ഒപ്പം കായൽ ദുരന്തത്തെ അടിസ്ഥാനമാക്കി ഏറെ കവിതകളും പിറന്നു. കായൽദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട പലരും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. നമ്മുടെ കായൽ കൂട്ടായ്മ പ്രവർത്തകരുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.