ശാസ്താംകോട്ട: ശാസ്തംകോട്ട ശുദ്ധ ജലതടാകത്തിലെ ചളി നീക്കാനെന്നപേരിൽ മണ്ണ് കടത്താൻ ശ്രമമെന്ന് ആരോപണം. 2018ലെ പ്രളയകാലത്തിനുശേഷം ഒരിക്കലും തടാകത്തിലെ ജലനിരപ്പ് ആശങ്കയുണ്ടാകും വിധം വേനലില്‍പോലും താഴ്ന്നിട്ടില്ല. ഈ സാഹചര്യത്തില്‍ തടാകത്തിലെ ജലനിരപ്പ് കുറയുന്നത് ചളി അടിഞ്ഞുകൂടിയത് കൊണ്ടാണെന്നുള്ള വാദം ശരിയല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
തടാകത്തിന്റെ പുനരുദ്ധാരണത്തിനായി ഒരു കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫിസാണ് അറിയിപ്പ് നൽകിയത്. ശുദ്ധജല തടാകത്തിന്റെ സ്വാഭാവിക നീരുറവയെ ബാധിക്കുംവിധം ചളി അടിഞ്ഞുകൂടിയതായും ആഴം കുറഞ്ഞതായും അറിയിപ്പിൽ വിശദീകരിച്ചിരുന്നു.
ഹൈഡ്രോളജി വിഭാഗം ബാത്തിമെട്രിക് സര്‍വേയിലൂടെ തടാകത്തിന്റെ മിക്ക ഭാഗങ്ങളിലും വലിയ തോതില്‍ ചളി അടിഞ്ഞതായി കണ്ടെത്തിയെന്നും അറിയിപ്പിലുണ്ട്. എന്നാൽ, സമീപകാലത്തൊന്നും തടാകവുമായി ബന്ധപ്പെട്ട ഇത്തരത്തിലുള്ള സർവേയോ റിപ്പോർട്ടോ ഉണ്ടായിട്ടില്ലെന്ന് തടാകസംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പറയുന്നു.
ചളിനീക്കം ചെയ്യാനെന്ന പേരിൽ നൂറുകണക്കിന് ലോഡ് മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇവർ ആരോപിക്കുന്നു. ശാസ്താംകോട്ട തടാകത്തിന്റെ സ്വാഭാവിക ജലശുദ്ധി നിലനിര്‍ത്തുന്നത് അതിന്റെ അടിത്തട്ടിലെ ചളിയാണെന്ന് ശാസ്ത്രസാഹിത്യ പരിഷത്, സെസ്, സി.ഡബ്ല്യു.ഡി.ആര്.എം എന്നിവ പല ഘട്ടങ്ങളില്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.