ശാസ്താംകോട്ട: ഒന്നര കോടിയോളം രൂപയുടെ ശാസ്താംകോട്ട തടാക തീരത്തെ സൗന്ദര്യവത്കരണം പാതിവഴിയിൽ ഉപേക്ഷിച്ചു. കരാറുകാരന്റെ മെല്ലെപ്പോക്കാണ് പ്രവൃത്തി പാതിവഴിയിൽ നിലക്കാൻ കാരണം. തടാകം കാണാൻ എത്തുന്നവർക്ക് സൗകര്യങ്ങളില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ പ്രാദേശിക വികസനഫണ്ടും ജില്ല പഞ്ചായത്തിന്റെ ഒരു കോടി രൂപയുടെ പദ്ധതിയും ചേർത്താണ് അമ്പലക്കടവിൽ പണി തുടങ്ങിയത്.
ഇതിന് മുന്നോടിയായി എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് അമ്പലകടവിലേക്കുണ്ടായിരുന്ന റോഡ് കോൺക്രീറ്റും ഇന്റർലോക്കും ചെയ്ത് ഗതാഗതയോഗ്യമാക്കി. ജില്ല പഞ്ചായത്ത് ഫണ്ട് പ്രകാരം അമ്പലകടവിൽ വള്ളങ്ങൾ അടുപ്പിക്കുന്ന ഭാഗത്തുണ്ടായിരുന്ന പഴയ കൽപ്പടവുകൾ പുതുക്കിപണിതു.
എന്നാൽ, തൊട്ടടുത്തെ കാത്തിരിപ്പ് കേന്ദ്രവും ഓപൺ എയർ ഓഡിറ്റോറിയവുമായി ഉപയോഗിക്കാവുന്ന തരത്തിൽ നിർമിക്കുന്ന സ്റ്റേജും ഇപ്പോഴും നിർമാണ ഘട്ടത്തിലാണ്. ക്ഷേത്രത്തിന് സമീപത്തുനിന്ന് ആരംഭിച്ച് അമ്പലകടവിൽ അവസാനിക്കുന്നതും ദേവസ്വം ബോർഡിന്റെ അധീനതയിലുള്ളതുമായ കൽപടവുകളിൽ ടൈൽ പാകിയെങ്കിലും പ്രവൃത്തി ബാക്കിയുണ്ട്. റോഡിന്റെ തുടക്കത്തിലെ കമാനനിർമാണവും പാതിവഴിയിലാണ്. നിർമാണ സാമഗ്രികളുടെ ഗുണനിലവാരത്തെ സംബന്ധിച്ചും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.