ശാസ്താംകോട്ട: രണ്ട് ദേശീയപാതകൾ സംഗമിക്കുന്ന, കുന്നത്തൂരിലെ ഏറ്റവും പ്രധാനപ്പെട്ട ടൗണായ ഭരണിക്കാവിന്റെ വികസനം തേടിയുള്ള കാത്തിരിപ്പിന് വർഷങ്ങളുടെ പഴക്കമുണ്ട്. കൊല്ലം-തേനി ദേശീയപാതയും വണ്ടിപ്പെരിയാർ-ഭരണിക്കാവ് ദേശീയപാതയും ചവറ-പത്തനംതിട്ട സംസ്ഥാനപാതയുമൊക്കെ സംഗമിക്കുന്ന ഭരണിക്കാവിന്റെ വികസനത്തിൽ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും ഇച്ഛാശക്തിയോടെ പ്രവർത്തിക്കുന്നില്ല എന്നാണ് പ്രധാന ആക്ഷേപം.
കടപുഴ പാലം യാഥാർഥ്യമായതോടെയാണ് ഭരണിക്കാവ് ടൗൺ വികസനത്തിലേക്ക് ചുവടുെവച്ചത്. അടൂർ-പത്തനംതിട്ട, കുണ്ടറ, ചവറ-കരുനാഗപ്പള്ളി, ചക്കുവള്ളി, പതാരം തുടങ്ങിയ നിരവധി ദിക്കുകളിലേക്കുള്ള റോഡുകൾ സംഗമിക്കുന്ന സ്ഥലം എന്ന പ്രത്യേകതയും ഭരണിക്കാവിനുണ്ട്. കെ.എസ്.ആർ.ടി.സി-സ്വകാര്യ ബസുകൾ അടക്കം ആയിരക്കണക്കിന് വാഹനങ്ങൾ നിമിഷംപ്രതി കടന്നുപോകുന്ന ഭരണിക്കാവ് ടൗണിൽ സിഗ്നൽ ലൈറ്റ് ഇല്ല. ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡുകളാണ് ഗതാഗതം നിയന്ത്രിക്കുന്നത്. അതുകൊണ്ടുതന്നെ ഏതുസമയവും ഇവിടെ ഗതാഗതക്കുരുക്കാണ്. പ്രത്യേകിച്ചും രാവിലെയും വൈകീട്ടും.
ഭരണിക്കാവിൽ ആരംഭിക്കുന്ന ബസ് സ്റ്റാൻഡിന് രണ്ടോ മൂന്നോ മാസത്തെ ആയുസ്സ് മാത്രമുള്ളതിനാൽ ഇവിടെ ട്രിപ് അവസാനിപ്പിക്കുന്ന സ്വകാര്യ ബസുകൾ അടക്കം റോഡരികിലാണ് പാർക്ക് ചെയ്യുന്നത്. റോഡുകളുടെ വീതികുറവും കൈയേറ്റവും മൂലം അപകടസാധ്യതയും ഏറെയാണ്. വാഹനങ്ങൾ തിരിക്കാൻ പോലും കഴിയാത്ത സാഹചര്യമാണ്. ടൗണിലെ വ്യാപാരസ്ഥാപനങ്ങളിൽ എത്തുന്നവർ അലക്ഷ്യമായി ഇരുചക്രവാഹനങ്ങൾ അടക്കം റോഡിൽ പാർക്ക് ചെയ്ത് പോകുന്നതും അനധികൃത വഴിയോര കച്ചവടവും ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു.
ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഇല്ലാത്തതിനാൽ മഴയും വെയിലുമേറ്റ് റോഡരികിലോ കടത്തിണ്ണകളിലോ നിൽക്കേണ്ട അവസ്ഥയാണ്. പ്രാഥമികാവശ്യങ്ങൾക്ക് സൗകര്യവും ഇല്ല. എല്ലാ വാഹനങ്ങളും ഭരണിക്കാവ് ടൗണിൽ പ്രവേശിക്കാതെ മറ്റ് സ്ഥലങ്ങളിലേക്ക് പോകാൻ കഴിയുന്ന ചില സമാന്തരപാതകൾ ടൗണിനുസമീപമുെണ്ടങ്കിലും പ്രയോജനപ്പെടുത്താനുള്ള ശ്രമം ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.