ശാസ്താംകോട്ട: ഭരണിക്കാവ് ടൗണിലെ ബസ് സ്റ്റോപ്പുകൾ ഇരുചക്രവാഹനങ്ങളും മറ്റ് സ്വകാര്യ വാഹനങ്ങളും കൈയടക്കുന്നതിനാൽ യാത്രക്കാർ വലയുന്നു. ഓണാവധി കാലത്ത് അനിയന്ത്രിതമായി തിരക്ക് വർധിച്ചിട്ടും അനധികൃത പാർക്കിങ് നിയന്ത്രിക്കാൻ നടപടി സ്വീകരിച്ചിരുന്നില്ല. ഈ അവസ്ഥ ഇപ്പോഴും തുടരുകയാണ്. അടൂർ, കൊട്ടാരക്കര, കടപുഴ, ശാസ്താംകോട്ട, ചക്കുവള്ളി ഭാഗങ്ങളിലേക്കുള്ള ബസ് സ്റ്റോപ്പുകളിലാണ് അനധികൃത പാർക്കിങ് യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.
വിവിധ ആവശ്യങ്ങൾക്കായി ഭരണിക്കാവിലെത്തുന്നവരാണ് വാഹനങ്ങൾ അലക്ഷ്യമായി സ്റ്റോപ്പുകളിൽ പാർക്ക് ചെയ്യുന്നത്. വ്യാപാര സ്ഥാപനങ്ങൾക്കു മുമ്പിലുള്ള വീതി കുറവായ പാതയോരത്താണ് യാത്രക്കാർ ബസ് കയറാൻ കാത്തുനിൽക്കുന്നതും ബസ് ഇറങ്ങുന്നതുമെല്ലാം. ഈ ഭാഗം കൈയേറി ഇരുചക്രവാഹനങ്ങളും മറ്റും പാർക്ക് ചെയ്യുന്നതിനാൽ സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാർ റോഡിന്റെ ഓരത്താണ് നിൽക്കുന്നത്. ഇത് അപകട ഭീഷണിയും ഉയർത്തുന്നു.
അമിതവേഗത്തിലെത്തുന്ന ബസുകൾ സ്റ്റോപ്പുകളിൽ നിർത്തവേ മാറി നിൽക്കാൻ സൗകര്യമില്ലാതെ യാത്രക്കാർ പ്രയാസപ്പെടുന്നതും പതിവാണ്. സ്വകാര്യ ബസുകൾ തലങ്ങും വിലങ്ങും ഏറെ നേരം നിർത്തിയിടുന്നതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഓണക്കാലത്തെ തിരക്ക് കുറയ്ക്കാൻ ഭരണിക്കാവിലെ ബസ് സ്റ്റാൻഡ് തുറന്ന് പ്രവർത്തിപ്പിക്കാൻ തീരുമാനം എടുത്തിരുന്നെങ്കിലും എതിർപ്പുകൾ മൂലം നടപ്പാക്കാൻ കഴിഞ്ഞില്ല. ഇത്തരത്തിൽ യാത്രക്കാർ ബുദ്ധിമുട്ടുന്നതും അനധികൃത പാർക്കിങ്ങും ശ്രദ്ധയിൽപെട്ടാൽ പോലും ഭരണിക്കാവിൽ ഗതാഗതം നിയന്ത്രിക്കുന്ന പൊലീസും ഹോം ഗാർഡുകളും അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.