ശാസ്താംകോട്ട: കടമ്പനാട്ട് 10ാം ക്ലാസ് വിദ്യാർഥികളെ ഏഴംഗ സംഘം നടുറോഡിൽ ക്രൂരമായി മർദിച്ചതായി പരാതി. കടമ്പനാട് കെ.ആർ.കെ.പി.എം സ്കൂളിലെ വിദ്യാർഥികൾക്കാണ് മർദനമേറ്റത്. പരിക്കേറ്റ കുട്ടികളെ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ രക്ഷിതാക്കൾ ഏനാത്ത് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്: കടമ്പനാട് സ്കൂളിൽ നടക്കുന്ന ശാസ്താംകോട്ട വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവത്തിൽ ദഫ്മുട്ട് മത്സരത്തിൽ പങ്കെടുക്കാൻ പരിശീലനത്തിനെത്തിയ കുട്ടികൾക്ക് ഞായറാഴ്ച വൈകീട്ടാണ് മർദനമേറ്റത്.
കടമ്പനാട് ജങ്ഷനിലെ കടയിൽ വെള്ളം കുടിക്കാനെത്തിയപ്പോൾ കുട്ടികൾ തമ്മിൽ സൗഹൃദപരമായ സംസാരമുണ്ടായി. ഈ സമയം നാട്ടുകാരായ ഏഴോളം പേർ മാരകായുധങ്ങളുമായി ഓടിയെത്തി ക്രൂരമായി മർദിക്കുകയായിരുന്നത്രേ. ആക്രമണത്തിന്റെ വിഡിയോ പരിശോധിച്ച് പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയത്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഏനാത്ത് പൊലീസ് അറിയിച്ചു.
എന്നാൽ, മർദനമേറ്റ വിദ്യാർഥികൾ ബേക്കറിയിലെത്തിയ കടമ്പനാട് സ്വദേശിയായ മറ്റൊരു ഒമ്പതാം ക്ലാസ് വിദ്യാർഥിയെ മർദിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കമെന്നാണ് സൂചന. സംഭവം കണ്ടുനിന്ന നാട്ടുകാർ വിഷയത്തിൽ ഇടപെടുകയും കുട്ടികളോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയും ചെയ്തെങ്കിലും ഇവർ കൂട്ടാക്കിയില്ലെന്നും തട്ടിക്കയറിയെന്നും പറയപ്പെടുന്നു. തുടർന്നാണ് അനിഷ്ട സംഭവങ്ങൾ അരങ്ങേറിയതത്രേ. മർദനമേറ്റ ഒമ്പതാം ക്ലാസ് വിദ്യാർഥി പരാതി നൽകിയിട്ടില്ലെന്നും ലഭിച്ചാൽ കേസ് രജിസ്റ്റർ ചെയ്യുമെന്നും ഏനാത്ത് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.