ശാസ്താംകോട്ട: തടാക തീരത്തെ ബണ്ട് റോഡിൽ നിന്ന് വിലപിടിപ്പുള്ള പൈപ്പുകൾ കടത്തികൊണ്ട് പോകുന്നതായി പരാതി. കൊല്ലം ഞാങ്കടവ് പദ്ധതിക്കായി 2014 ൽ പുന്നമൂട് ബണ്ട് ഭാഗത്ത് മെറ്റൽ സാൻഡ് പൈപ്പുകളും, ഹൈ ഡെൻസിറ്റി പോളി എത്തിലീൻ പൈപ്പുകളും ഇറക്കിയിരുന്നു. എന്നാൽ, പദ്ധതി നടപ്പിലാകാതെ വന്നപ്പോൾ തടാകത്തിൽതന്നെ കിടന്നിരുന്നു. വാട്ടർ അതോറിറ്റി ഇവ നീക്കാത്തതിനാൽ നമ്മുടെ കായൽ കൂട്ടായ്മ പ്രവർത്തകർ അന്നത്തെ കലക്ടർക്ക് പരാതി നൽകിയിരുന്നു. കലക്ടർ നേരിട്ടെത്തി പൈപ്പുകൾ ഉടൻ നീക്കാൻ വാട്ടർ അതോറിറ്റിക്ക് നിർദേശവും നൽകി. തുടർന്ന് വാട്ടർ അതോറിറ്റി ഏഴ് ലക്ഷം രൂപ ചെലവഴിച്ച് പൈപ്പുകൾ അവിടെ നിന്ന് കരയിലേക്ക് മാറ്റിയിരുന്നു. കുറെ പൈപ്പുകൾ ബണ്ട് റോഡിലെ ഷട്ടറിന്റെ ഭാഗത്തും അടുക്കിവെച്ചു. ഇവിടെനിന്നാണ് പൈപ്പുകൾ മുറിച്ച് കടത്തുന്നത്.
സമീപത്തെങ്ങും ആൾത്താമസമില്ലാത്തത് മോഷ്ടാക്കൾക്ക് സൗകര്യമാണ്. കഴിഞ്ഞ ദിവസം പുലർച്ചെ ഇത്തരത്തിൽ പൈപ്പ് വാഹനത്തിൽ കടത്തുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് മോഷണവിവരം പുറത്തതറിയുന്നത്. ഒരു പൈപ്പിന് 30,000 രൂപയോളം വില വരും. എത്ര പൈപ്പുകളാണ് അവിടെ ഉണ്ടായിരുന്നത് എന്ന കണക്കുപോലും വാട്ടർ അതോറിറ്റിയുടെ പക്കലില്ല. ശേഷിക്കുന്ന പൈപ്പുകൾകൂടി മോഷണം പോകാതെ വാട്ടർ അതോറിറ്റിയുടെ സ്ഥലത്തേക്ക് മാറ്റാനുള്ള നടപടിയെടുക്കണമെന്ന് നമ്മുടെ കായൽ കൂട്ടായ്മ കൺവീനർ എസ്.ദിലീപ് കുമാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.