ശാസ്താംകോട്ട (കൊല്ലം): വാഹനം തട്ടി ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടന്ന നായക്ക് ചക്കുവള്ളി സ്വദേശിയായ ഫിറോസ് എം.ശൂരനാട് രക്ഷകനായി. എം.സി റോഡിൽ പുത്തൂർമുക്കിനു സമീപം കഴിഞ്ഞ ദിവസമാണ് സംഭവം. കുന്നത്തൂർ പാലത്തിന് സമീപം ആറ്റുകടവ് ജങ്ഷനിൽ ജ്യൂസ് പാർലർ നടത്തുന്ന ഫിറോസ് സാധനങ്ങൾ വാങ്ങാനെത്തിയപ്പോഴാണ് അപകടത്തിൽപെട്ട് റോഡിൽ കിടക്കുന്ന നായയെ കണ്ടത്.
മറ്റ് വാഹനങ്ങൾ കയറിയിറങ്ങാതിരിക്കാൻ അവിടെതന്നെ നിലയുറപ്പിച്ച ഫിറോസ് പലരോടും സഹായം അഭ്യർഥിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. മൃതപ്രായനായി കിടക്കുന്ന നായയെ ഉപേക്ഷിച്ച് പോകാനും മനസ്സുണ്ടായില്ല. ഒടുവിൽ ഇതുവഴിയെത്തിയ തിരുവല്ല സ്വദേശിയും കുണ്ടറ ഇളമ്പള്ളൂർ സ്വദേശിയും സഹായത്തിനെത്തി. തുടർന്ന് മൂവരും ചേർന്ന് നായയെ കുളക്കട മൃഗാശുപത്രിയിലെത്തിച്ച് വൈദ്യസഹായം ഉറപ്പാക്കി.
മറ്റുള്ളവർ മടങ്ങിയെങ്കിലും ഫിറോസ് പാലും ഭക്ഷണവുമടക്കം വാങ്ങി നായക്ക് നൽകുകയും നായയുടെ അവസ്ഥ സമൂഹമാധ്യങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. നായയെ ഏറ്റെടുത്ത് പരിചരിക്കാൻ മനസ്സുള്ള ആരെങ്കിലും മുന്നോട്ട് വരണമെന്നായിരുന്നു ആവശ്യം.
വിഡിയോ വൈറലായെങ്കിലും നായയെ ഏറ്റെടുക്കാൻ ആരും മുന്നോട്ടെത്തിയില്ല. ഒടുവിൽ കൊല്ലം തഴുത്തല കേന്ദ്രമായി പ്രവർത്തിക്കുന്ന 'പീപിൾസ് ഫോർ അനിമൽസ്' എന്ന സംഘടനയുമായി ബന്ധപ്പെടുകയും ഇന്നലെ അവരെത്തി നായയെ ഏറ്റെടുക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.