ശാസ്താംകോട്ട: ഹജ്ജ് തീർഥാടനത്തിന് കൊണ്ടുപോകുന്നതിനെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നിരവധി ആളുകളിൽനിന്ന് രണ്ടുകോടിയിലേറെ രൂപ തട്ടിയെടുത്ത് കബളിപ്പിച്ച സംഘത്തിൽപെട്ട പ്രതി മുംബൈ ബിർളവാടി സിയോൺ മാർഗിൽ ഷേക്ക് മുഹമ്മദ് ഉസ്മാനെ മുംബൈ വിമാനത്താവളത്തിൽ വെച്ച് ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തു.
വിദേശത്തും മറ്റുമായി കഴിഞ്ഞുവരികയായിരുന്ന പ്രതിക്കെതിരെ പൊലീസ് തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നതിന് തിരികെ ഇന്ത്യയിലെത്തിയപ്പോൾ മുംബൈ അന്താരാഷ്ട്ര വിമാനത്താവള എമിഗ്രേഷൻ വിഭാഗത്തിൽ നിന്ന കൊല്ലം റൂറൽ പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ശാസ്താംകോട്ട സബ്ഇൻസ്പെക്ടർ രാജൻ ബാബു, വിമൽ ഘോഷ്, എ.എസ്.ഐ രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കേരളത്തിലെത്തിച്ച പ്രതിയെ ശാസ്താംകോട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിലെ മറ്റൊരു പ്രതിയായ തമിഴ്നാട് നാഗർകോവിൽ സ്വദേശി സിറാജുദ്ദീനെ ചെന്നൈയിലെ ഒളിത്താവളത്തിൽനിന്ന് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. മൈനാഗപ്പള്ളി സ്വദേശികളായ 47 പേരാണ് കബളിപ്പിക്കലിന് വിധേയരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.