ശാസ്താംകോട്ട: കടുത്ത ഇടതുപക്ഷ മണ്ഡലമായിട്ടും പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ കൊടിക്കുന്നിൽ സുരേഷിനോടൊപ്പം അടിയുറപ്പിച്ചിരുന്ന കുന്നത്തൂർ നിയമസഭ മണ്ഡലം പക്ഷേ ഇത്തവണ അദ്ദേഹത്തെ കൈവിട്ടു. 1347 വോട്ടിന്റെ ഭൂരിപക്ഷമാണ് എൽ.ഡി.എഫ് സ്ഥാനാർഥി സി.എ. അരുൺ കുമാറിന് ലഭിച്ചത്.
കുറഞ്ഞത് 5000 വോട്ടിന്റെ ഭൂരിപക്ഷം യു.ഡി.എഫ് പ്രതീക്ഷിച്ചിരുന്നു. 1967ൽ സ്വതന്ത്രമണ്ഡലമായതിനുശേഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ 1982ൽ ഒഴികെ നാളിതുവരെ നടന്ന തെരഞ്ഞെടുപ്പുകളിൽ എല്ലാം ഇടതുസ്ഥാനാർഥികളെ മാത്രം വിജയിപ്പിക്കുന്ന കുന്നത്തൂർ നിയമസഭ മണ്ഡലം കൊല്ലം പാർലമെന്റ് മണ്ഡലത്തിന്റെ ഭാഗമായിരുന്നപ്പോഴും ഇടതുസ്ഥാനാർഥികൾക്കനുകൂലമായിരുന്നു. എന്നാൽ മണ്ഡലം പുനർനിർണയ ഭാഗമായി കുന്നത്തൂർ മാവേലിക്കര പാർലമെന്റ് മണ്ഡലത്തിന്റെ ഭാഗമാവുകയും കൊടിക്കുന്നിൽ സ്ഥാനാർഥിയാവുകയും ചെയ്തതോടെ 2009ൽ 2026 വോട്ടിന്റെ ഭൂരിപക്ഷമാണ് നൽകിയത്. അന്ന് എതിർസ്ഥാനാർഥി മുൻ മന്ത്രിയും കെ.പി.എം.എസ് നേതാവുമായിരുന്ന പി.കെ. രാഘവന്റെ മകനും കുന്നത്തൂരുകാരനുമായ ആർ.എസ്. അനിൽ കൂടിയായിട്ടും കൊടിക്കുന്നിലിനായിരുന്നു ഭൂരിപക്ഷം.
2014 ൽ മുൻ എം.പി കൂടിയായിരുന്ന ചെങ്ങറ സുരേന്ദ്രൻ മത്സരിച്ചപ്പോഴും 87 വോട്ട് കൊടിക്കുന്നിലിന് കൂടുതൽ കിട്ടിയിരുന്നു. 2019ൽ ഇപ്പോഴത്തെ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറുമായി മത്സരിച്ചപ്പോൾ ഭൂരിപക്ഷം 7173 ആയി ഉയർന്നിരുന്നു. ഇത്തവണയും ആവർത്തിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായത് യു.ഡി.എഫ് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.
എൽ.ഡി.എഫിന്റെ ചിട്ടയായ പ്രവർത്തനവും ഓളം സൃഷ്ടിക്കുന്ന പ്രചാരണവും പുതുമുഖത്തിനൊരവസരം എന്ന കാമ്പയിനും കൊടിക്കുന്നിൽ മണ്ഡലം ശ്രദ്ധിച്ചില്ല എന്ന ആരോപണവുമാണ് പ്രധാനമായും അരുൺകുമാറിന് ഭൂരിപക്ഷം ലഭിക്കാനിടയാക്കിയത്. ഒപ്പം മുന്നത്തെപ്പോലെ യു.ഡി.എഫ് പ്രവർത്തനവും ശക്തമല്ലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.