ശാസ്താംകോട്ട: മൈനാഗപ്പള്ളിയിൽ റെയില്‍വേ അടച്ചുപൂട്ടിയ ലെവല്‍ക്രോസ് പൂര്‍വ സ്ഥിതിയിലാക്കി ഗതാഗതം പുനസ്ഥാപിച്ചു. കഴിഞ്ഞ ദിവസമാണ് ഗേറ്റ് തുറന്ന് കൊടുത്തത്. ട്രെയിനുകളുടെ വേഗത വർധിപ്പിക്കുന്നതിന്റെ ഭാഗമായി റെയിൽവേ ഗേറ്റുകളുടെ എണ്ണം കുറക്കുന്നതിനായാണ് മൈനാഗപ്പള്ളിയിലെ 62ാം നമ്പർ ഗേറ്റ് റെയിൽവേ അധികൃതർ രണ്ടാഴ്ച മുമ്പ് പെട്ടെന്ന് അടച്ചത്. റവന്യൂ അധികൃതർ നൽകിയ തെറ്റായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
അറ്റകുറ്റപണിക്ക് ഗേറ്റ് അടക്കുന്നു എന്ന് ബോർഡ് സ്ഥാപിച്ച് ട്രാക്കിനുള്ളിലെ സ്ലാബുകൾ ഇളക്കി മാറ്റുകയും മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് രണ്ട് വശവും കുഴി എടുക്കുകയുമായിരുന്നു. മൈനാഗപ്പള്ളി പഞ്ചായത്തിലെ അഞ്ച് വാർഡുകളിലേക്കുള്ള പ്രധാന മാർഗമായതിനാൽ വ്യാപക പ്രതിഷേധം ഉയർന്നു ജനകീയ സമരസമിതി രൂപീകരിച്ച് സമര നടത്തി റെയിൽവേ അധികൃതരെ ബോധ്യപ്പെടുത്തിയതോടെയാണ് ഗേറ്റ് തുറന്നു നൽകാൻ തീരുമാനമെടുത്തത്. ട്രാക്കിലെ സ്ലാബുകൾ പൂർവ്വസ്ഥിതിയിലാക്കുകയും കുഴികൾ മണ്ണിട്ട് മൂടി ഗതാഗതത്തിന് തുറന്ന് കൊടുക്കുകയുമായിരുന്നു. സമരത്തിൽ പങ്കെടുത്ത എല്ലാവർക്കും ജനകീയ സമരസമിതി ചെയർമാനും പഞ്ചായത്ത് പ്രസിഡൻറുമായ പി.എം. സെയ്ദും കൺവീനർ അനന്ദു ഭാസിയും നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.