ശാസ്താംകോട്ട: റെയിൽവേയിൽ എൻജിനീയർ ജോലി വാഗ്ദാനം ചെയ്ത് സി.ഐ.ടി.യു സംസ്ഥാന നേതാവും ഭാര്യയും ചേർന്ന് 14 ലക്ഷം രൂപ തട്ടിയെടുത്തായി പരാതി. ശാസ്താംകോട്ട മനക്കര സ്വദേശി രാജേന്ദ്രന്റെ മകൾ ശരണ്യാ രാജിനെ കബളിപ്പിച്ചാണ് പണം തട്ടിയത്.
സി.പി.എം ശാസ്താംകോട്ട പടിഞ്ഞാറ് ലോക്കൽ കമ്മിറ്റിയംഗവും സി.ഐ.ടി.യു ഓട്ടോത്തൊഴിലാളി യൂനിയൻ സംസ്ഥാന കമ്മിറ്റിയംഗവുമായ ശാസ്താംകോട്ട മനക്കര സ്വദേശിയും ഭാര്യയും ചേർന്ന് കബളിപ്പിച്ചതായാണ് പരാതി. 2018ൽ മൂന്നു തവണയായി 13,18,500 ലക്ഷത്തോളം രൂപ ഇരുവരും ചേർന്ന് കൈപ്പറ്റി. നേതാവിന്റെ ഭാര്യയാണ് വിശ്വാസയോഗ്യമായ രീതിയിൽ തട്ടിപ്പിന് മുന്നിൽ നിന്നതെന്ന് പരാതിക്കാരൻ ആരോപിക്കുന്നു.
സതേൺ റെയിൽവേ ചെയർമാന്റെ പേരും വ്യാജ ഒപ്പും ഉപയോഗിച്ച് എൻജിനീയർ തസ്തികയിൽ ട്രെയിനിയായി നിയമിച്ചു കൊണ്ടുള്ള ഉത്തരവും കൂടാതെ, സതേൺ റെയിൽവേയുടെ സോണൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വ്യാജ ഒപ്പും പേരോടും കൂടിയ നിയമന ഉത്തരവും നൽകിയിരുന്നു. ഇതിനായി ചെന്നൈയിൽ എത്തിച്ച് മെഡിക്കൽ ചെക്കപ്പും നടത്തി.
എന്നാൽ, കബളിക്കപ്പെട്ടതായി മനസ്സിലാക്കിയതിനെ തുടർന്ന് പണം മടക്കി നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഒഴിഞ്ഞുമാറുകയായിരുന്നു. തുടർന്ന് സി.പി.എം ഏരിയ നേതാക്കൾ ഇടപെട്ട് പൊലീസിൽ പരാതി നൽകുന്നത് വൈകിപ്പിച്ചെന്നും ആരോപണമുണ്ട്.
കഴിഞ്ഞ ആഗസ്റ്റിൽ റൂറൽ എസ്.പിക്ക് പരാതി നൽകിയെങ്കിലും കേസെടുക്കാൻ ശാസ്താംകോട്ട പൊലീസ് തയാറായില്ലെന്ന് ആക്ഷേപമുണ്ട്. തുടർന്ന് ശാസ്താംകോട്ട കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കേസെടുക്കാൻ പൊലീസ് തയാറായത്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരമാണ് നേതാവിനും ഭാര്യക്കുമെതിരെ കേസെടുത്തത്.
അതിനിടെ ഇരുവരും ശാസ്താംകോട്ടയിൽ പൊലീസിന്റെ കൺമുന്നിൽതന്നെ ഉണ്ടായിട്ടും അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറാകുന്നില്ലെന്നും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.