ശാസ്താംകോട്ട: നൂറുകണക്കിന് യാത്രക്കാർ നിത്യവും എത്തിച്ചേരുന്ന ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് വിതരണത്തിന് ഒറ്റ കൗണ്ടർ മാത്രം. സാധാരണ ടിക്കറ്റ്, റിസർവേഷൻ, തത്ക്കാൽ റിസർവേഷൻ, സീസൺ ടിക്കറ്റ് തുടങ്ങി എല്ല ടിക്കറ്റ് വിതരണത്തിനും ഒറ്റ കൗണ്ടർ മാത്രമാണ് പ്രവർത്തിക്കുന്നത്. ഇത് യാത്രക്കാരെ വലയ്ക്കുന്നു.
സാധാരണ ടിക്കറ്റ് വിതരണത്തിനാണ് പ്രഥമ പരിഗണന. അതിനാൽ റിസർവേഷനും തത്ക്കാൽ റിസർവേഷനും എത്തുന്നവർ പിന്തള്ളപ്പെടുകയും ടിക്കറ്റ് കിട്ടാതെ പോകുന്ന സന്ദർഭവും ഉണ്ടാകുന്നുണ്ട്.
ദിവസവും രാവിലെ 10 മുതൽ എ.സി കംപാർട്ട്മെൻറിലേക്കും 11 മുതൽ സ്ലീപ്പർ കംപാർട്ട്മെൻറിലേക്കും തത്ക്കാൽ റിസർവേഷൻ ആരംഭിക്കും. ഈ സമയത്താണ് (10.05) ആദ്യം ഐലൻഡ് എക്സ്പ്രസും പിന്നീട് ഗുരുവായൂർ-മധുര എക്സ്പ്രസും ( 11.05 ) എത്തുന്നത്.
ഈ ട്രെയിനിലെ യാത്രക്കാർക്ക് ടിക്കറ്റ് നൽകാൻ ജീവനക്കാർ ശ്രമിക്കുമ്പോൾ 10 മിനിറ്റിനുള്ളിൽ തത്ക്കാൽ റിസർവേഷൻ അവസാനിക്കും. ഇതോടെ തത്ക്കാൽ ടിക്കറ്റ് ലഭിക്കാതെ യാത്രക്കാർ മടങ്ങേണ്ടിവരുന്നു. വിദൂര ദേശങ്ങളിൽനിന്ന് പോലും തലേദിവസമെത്തി കാത്തു നിൽക്കുന്നവരാണ് ടിക്കറ്റ് കിട്ടാതെ നിരാശരായി പോകേണ്ടി വരുന്നത്. ഇവിടെനിന്ന് ടിക്കറ്റ് ലഭിക്കില്ലെന്ന ധാരണ പരക്കെ പരന്നിട്ടുള്ളതിനാൽ യാത്രക്കാർ റിസർവേഷനും മറ്റും ഇപ്പോൾ മറ്റ് റെയിൽവേ സ്റ്റേഷനുകളെയാണ് ആശ്രയിക്കുന്നത്. ഇത് റെയിൽവേ സ്റ്റേഷന്റെ വരുമാനത്തെ ബാധിക്കുന്നുണ്ട്.
എല്ല ടിക്കറ്റ് വിതരണത്തിനും ഒറ്റ കൗണ്ടർ ആയതിനാൽ എപ്പോഴും നീണ്ട നിരയാണുള്ളത്. കൗണ്ടറിലെ ജീവനക്കാരുടെ പരിചയക്കുറവും ചില്ലറ ഇല്ലായ്മയും കൂടി ആകുമ്പോൾ ടിക്കറ്റെടുക്കുന്നത് ശ്രമകരമായ ജോലിയാണ്.
യാത്രക്കാരും റെയിൽവേ സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട് നിൽക്കുന്ന സംഘടനകളും നിരന്തരം ആവശ്യപ്പെടുന്ന കാര്യമാണ് ടിക്കറ്റ് വിതരണത്തിന് കൂടുതൽ കൗണ്ടറുകൾ വേണമെന്നുള്ളത്. റെയിൽവേ സ്റ്റേഷനിലെ മറ്റ് സംവിധാനങ്ങൾ ഒരു വർഷം മുമ്പ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു.
അതിനാൽ പഴയ കെട്ടിടത്തിൽ ഒന്നോ രണ്ടോ കൗണ്ടർ കൂടി പ്രവർത്തിക്കാനാകും. റെയിൽവേ സ്റ്റേഷനെ അമൃത ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുമെന്ന് കൊടികുന്നിൽ സുരേഷ് എം.പി വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ പ്രതീക്ഷയിലാണ് യാത്രക്കാരും സംഘടനകളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.