ശാസ്താംകോട്ട: റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർക്ക് ഇരിക്കണമെന്ന് തോന്നിയാൽ കാടിനുള്ളിലെ ബഞ്ചിൽ ഇരിക്കണം. രാത്രിയിലാണ് എത്തുന്നതെങ്കിൽ ഇരുട്ടിൽ തപ്പി നടക്കണം. ഇതാണ് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ എത്തുന്നവരുടെ അവസ്ഥ. നൂറ് കണക്കിന് യാത്രക്കാർ ദിനംപ്രതി എത്തുന്ന റെയിൽവേ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങളിൽ വേണ്ടത്ര മാറ്റം ഇനിയും ഉണ്ടായിട്ടില്ല. രണ്ട് പ്ലാറ്റ്ഫോമുകളും നിറഞ്ഞു നിൽക്കുന്ന കാടാണ് ഏറ്റവും വലിയ പ്രശ്നം. ഇഴജന്തുക്കളെയും തെരുവ് നായ്ക്കളെയും ഭയന്ന് വേണം യാത്രക്കാർക്ക് പ്ലാറ്റ്ഫോമിലൂടെ സഞ്ചരിക്കാൻ. എക്സ്പ്രസ് അടക്കം നിരവധി ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പ് ഉണ്ടങ്കിലും ഫ്ലാറ്റ്ഫോമിന് ആവശ്യമായ മേൽക്കൂര ഇല്ലാത്തതിനാൽ യാത്രക്കാർ മഴയും വെയിലും ഏറ്റ് നിൽക്കേണ്ട അവസ്ഥയാണ്.
പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സൗകര്യങ്ങളും കുടിവെള്ള സൗകര്യവും കുറവാണ്. രാത്രിയിൽ ട്രെയിൽ വരുമ്പോൾ മാത്രമേ പ്ലാറ്റ്ഫോമിൽ ലൈറ്റ് പ്രകാശിപ്പിക്കാറുള്ളു. ഇതിൽ തന്നെ ഭൂരിപക്ഷം എണ്ണവും പ്രകാശിക്കാറില്ലന്നും യാത്രക്കാർ പരാതി പറയുന്നു. റെയിൽവേ സ്റ്റേഷന് വേണ്ടി പുതിയ കെട്ടിടം പണിത് പ്രവർത്തനം അങ്ങോട്ട് മാറ്റിയിട്ട് ഒരു വർഷം കഴിഞ്ഞങ്കിലും ഇവിടെ ഇരിക്കുന്നതിനുള്ള സൗകര്യമോ ഫാനുകളോ ഇനിയും സ്ഥാപിച്ചിട്ടില്ല. ശാസ്താംകോട്ട റെയിൽവെ സ്റ്റേഷനോട് പുലർത്തുന്ന അവഗണന ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന അപേക്ഷയാണ് യാത്രക്കാർക്ക് ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.