ശാസ്താംകോട്ട: വികസനം ട്രാക്കുകയറാത്ത സ്ഥിതിയിൽ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ. കുന്നത്തൂർ താലൂക്കിലെയും കൊല്ലം താലൂക്കിലെ ചിറ്റുമല, പേരയം, കരുനാഗപ്പള്ളി താലൂക്കിലെ തേവലക്കര, അടൂർ താലൂക്കിലെ കടമ്പനാട് എന്നീ പഞ്ചായത്തുകളിൽ നിന്നടക്കം ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാർ വന്നുപോകുന്ന ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ ആദർശ് സ്റ്റേഷനായി വർഷങ്ങൾക്കുമുമ്പ്പ്രഖ്യാപിച്ചെങ്കിലും അധികാരികളുടെ അവഗണനമൂലം വികസനം മുരടിച്ചനിലയിലാണ്.
കോവിഡ് സമയത്ത് നിർത്തലാക്കിയ ഒരു ട്രെയിനിന്റെയും സ്റ്റോപ് പുനഃസ്ഥാപിച്ചിട്ടില്ല. സർക്കാർ ജീവനക്കാർക്കും മറ്റും ഏറെ പ്രയോജനപ്പെടുന്ന ഇന്റർസിറ്റി, കണ്ണൂർ, പാലരുവി, ജയന്തി ജനത എന്നീ എക്സ്പ്രസ് ട്രെയിനുകൾക്ക് നിരന്തരം സ്റ്റോപ് ആവശ്യപ്പെട്ടിട്ടും അനുവദിച്ചിട്ടില്ല. സമീപപ്രദേശത്തുള്ള റെയിൽവേ സ്റ്റേഷനുകളിൽ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെട്ടപ്പോൾ താലൂക്ക് ആസ്ഥാനത്തുള്ള ഈ റെയിൽവേ സ്റ്റേഷന്റെ അവസ്ഥ പരിതാപകരമാണ്.
ഭൂരിഭാഗത്തും മേൽക്കൂരയില്ലാത്ത ഒരു കിലോമീറ്റർ നീളത്തിലുള്ള രണ്ട് പ്ലാറ്റ്ഫോമുകളും കാടുകയറിയതിനാൽ ഇഴജന്തുക്കളുടെ ശല്യം വർധിക്കുന്നു. വെയിറ്റിങ് റൂമും കുടിവെള്ളവുമില്ലാത്ത ഏക സ്റ്റേഷനാണിത്. യാത്രക്കാരുടെ എണ്ണം അനുസരിച്ചുള്ള ശൗചാലയവുമില്ല. നിലവിലെ ഒരുകൗണ്ടർ മാത്രമുള്ളതിനാൽ റിസർവേഷനും മറ്റുമായി മറ്റൊരു കൗണ്ടർ കൂടി വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
പ്ലാറ്റ്ഫോമുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മേൽപാലം ഉണ്ടെങ്കിലും മഴക്കാലമായാൽ വെള്ളംകെട്ടി നിന്ന് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് ഇരിപ്പിടവുമില്ല. പരിസരത്ത് 30 ശതമാനം മാത്രം മേൽക്കൂരയുള്ളതിനാൽ മഴക്കാലവും വേനൽക്കാലവും യാത്രികരുടെ ക്ഷമപരീക്ഷിക്കുകയാണ്. സ്റ്റേഷൻ കവാടത്തിലെ വെള്ളകെട്ട് മാറ്റാനുള്ള മുറവിളിക്ക് പരിഹാരമില്ല.
പ്രധാനപ്പെട്ട ട്രെയിനുകൾ നിർത്താത്തതിനാൽ സർക്കാർ ജീവനക്കാരുൾപ്പെടെ മറ്റ് സ്റ്റേഷനുകളിൽ നിന്നാണ് സീസൺ ടിക്കറ്റ് എടുക്കുന്നത്. ഇത് റെയിൽവേ സ്റ്റേഷനിൽ വരുമാനം കുറക്കുന്നു. വലിയ വെല്ലുവിളി റെയിൽവേ സ്റ്റേഷനിലേക്ക് യാത്രാ സൗകര്യം ഇല്ലായ്മയാണ്. ഉണ്ടായിരുന്ന രണ്ട് ബസ് സർവിസ് നിലച്ചു. മോശമായ റോഡ് വീതിയില്ലായ്മ കൂടിയാകുമ്പോൾ യാത്രക്കാരും വാഹനങ്ങളും ഒഴിവാക്കുകയാണ്. പ്രശ്നത്തിൽ നടപടി ആവശ്യപ്പെട്ട് കേരള കോൺഗ്രസ്(എം) കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷന് മുന്നിൽ വ്യാഴാഴ്ച ധർണ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.