ശാസ്താംകോട്ട: ശൂരനാട് തെക്ക് കുടുംബാരോഗ്യകേന്ദ്രത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് കമ്മിറ്റി വിവിധ മേഖലകളിൽ നാല് ഘട്ടമായി നടത്തിയ പരിശോധനയിൽ 92 ശതമാനം പോയന്റ് നേടിയാണ് ജില്ലയിൽ ശൂരനാട് തെക്ക് കുടുംബാരോഗ്യ കേന്ദ്രം ഒന്നാമതായി തെരഞ്ഞെടുക്കപ്പെട്ടത്. മെച്ചപ്പെട്ട ആരോഗ്യ സംവിധാനം സാധാരണക്കാരായ ജനങ്ങൾക്ക് ലഭ്യമാക്കുകയെന്ന സർക്കാറിന്റെ ലക്ഷ്യം മുൻനിർത്തിയാണ് ഈ അവാർഡ് നൽകുന്നത്. മെച്ചപ്പെട്ട പി.ഡി, ഇൻഫെക്ഷൻ കൺട്രോൾ, അഡ്മിനിസ്ട്രേഷൻ, നാഷനൽ ഹെൽത്ത് പ്രോഗ്രാം, ലബോറട്ടറി എന്നീ ഡിപ്പാർട്ട്മെന്റുകളുടെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ് അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടത്.
1973ൽ ഡിസ്പെസറിയായിട്ടാണ് ആശുപത്രിയുടെ തുടക്കം. തുടർന്ന് പ്രാഥമികാരോഗ്യ കേന്ദ്രമായും 2023 കുടുംബാരോഗ്യ കേന്ദ്രമായും ഉയർന്നു. കഴിഞ്ഞ വർഷങ്ങളിൽ കായകൽപ് അവാർഡ്, ഗുണനിലവാര അവാർഡ് ആയ ഐ.എസ്.ഒ (9001-2015) കൂടാതെ കാഷ് അക്രഡിറ്റേഷൻ അവാർഡ് എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്. നിത്യേന നൂറുകണക്കിന് സാധാരണക്കാരായ രോഗികളാണ് ഈ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്.
മെഡിക്കൽ ഓഫിസർ ഡോ. ശ്രീലക്ഷ്മിയുടെ നേതൃത്വത്തിൽ ജീവനക്കാരുടെയും ശൂരനാട് തെക്ക് പഞ്ചായത്ത് ഭരണസമിതിയുടെയും കൂട്ടായ ശ്രമഫലമായാണ് പുരസ്കാരങ്ങൾ നേടിയെടുക്കാൻ സാധിച്ചതെന്ന് നിലവിലെ മെഡിക്കൽ ഓഫിസറായ ഡോ. സെമീന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.