ശാസ്താംകോട്ട: നൂറുകണക്കിന് സാധാരണക്കാരായ ആളുകൾ ദിനംപ്രതി ചികിത്സ തേടി എത്തുന്ന ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞ് നീങ്ങുന്നതിനാൽ രോഗികൾ അടക്കം വലയുന്നു. ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളെപോലും ഇത് സാരമായി ബാധിച്ചിട്ടുണ്ട്. 3.3 കോടി ചെലവിൽ മാതൃശിശു പരിചരണ കേന്ദ്രം നിർമാണം മാസങ്ങൾക്ക് മുമ്പ് തുടങ്ങിയെങ്കിലും ഇഴഞ്ഞ് നീങ്ങുകയാണ്. പ്രധാന കവാടം അടച്ചതിനാൽ ശാസ്താംകോട്ട പഞ്ചായത്ത് ഓഫിസിന് സമീപത്തെ ഇടുങ്ങിയ വഴിയിലൂടെ മാത്രമാണ് ആശുപത്രിയിലെത്താൻ കഴിയുന്നത്. എത്തിയാലും ഒ.പി ടിക്കറ്റ് കൗണ്ടർ എവിടെയെന്നോ ഡോക്ടറെ കാണാൻ എവിടെ പോകണമെന്നോ അറിയാൻ പോലും കഴിയാത്ത അവസ്ഥയാണ്.
3.3 കോടി ചെലവിൽ മാതൃ ശിശു കേന്ദ്രം പണിയുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പ് 2016 - 17ലാണ് തുക അനുവദിച്ചത്. 2018 - 19ൽ പി.ഡബ്ലു.ഡി പ്ലാൻ തയാറാക്കി നൽകി. മൂന്ന് നിലകളുള്ള കെട്ടിടം ഒരുവർഷത്തിനുള്ളിൽ പണി പൂർത്തിയാക്കി എൻ.എച്ച്.ആർ.എമ്മിന് കൈമാറണമെന്നും ഇതിനോടൊപ്പം 6 കോടി രൂപ ചെലവഴിച്ച് വിപുലമായ കെട്ടിട സമുച്ചയം തീർക്കുമെന്നുമായിരുന്നു വ്യവസ്ഥ. എന്നാൽ, ആദ്യത്തെ കെട്ടിടം പണി നീണ്ടുപോയതോടെ അനുവദിച്ച തുകക്ക് പ്ലാൻ പ്രകാരം കെട്ടിടം പണി നടത്താൻ കഴിയാതെ വന്നതോടെ നിരവധി പ്രാവശ്യം പ്ലാനിൽ മാറ്റം വരുത്തി. നിലവിൽ മാതൃ ശിശു സംരക്ഷണ കേന്ദ്രം ഒരു നിലയായി ചുരുക്കി. ഇതിന്റെ പണി പൂർത്തിയാക്കി കഴിഞ്ഞ മാർച്ചിൽ കൈമാറണമെന്ന് അന്തിമ നിർദ്ദേശം വന്നങ്കിലും പണി ഇപ്പോഴും തൂൺ മട്ടമേ ആയിട്ടുള്ളു. ഇതോടെ എൻ.എച്ച്.ആർ.എമ്മിന്റെ ഫണ്ട് പ്രയോജനപ്പെടുത്താൻ കഴിയാത്ത സാഹചര്യമാണ്.
ആശുപത്രി വികസനത്തിനായി പഞ്ചായത്തിന്റെ അധീനതയിലുണ്ടായിരുന്ന 50 സെന്റ് വസ്തു ഏറ്റെടുത്തങ്കിലും തുടർ നടപടിയാകാത്തതിനാൽ എമർജൻസി ബ്ലോക്ക് നിർമാണത്തിന് എൻ.എച്ച്. ആർ.എം അനുവദിച്ച മറ്റൊരു 8 കോടി രൂപ നഷ്ടപ്പെട്ട അവസ്ഥയാണ്.
ആർദ്രം പദ്ധതിപ്രകാരം ഒ .പി കൗണ്ടറും മറ്റും പ്രവർത്തിപ്പിക്കാൻ മറ്റൊരു കെട്ടിടം പണി ആരംഭിച്ചിരുന്നു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം വരുന്നതിന് മുമ്പ് ആരോഗ്യ മന്ത്രി കെട്ടിടം ഉദ്ഘാടനം ചെയ്തെങ്കിലും കെട്ടിടത്തിന്റെ പണി ഇനിയും പൂർത്തിയായിട്ടില്ല. എക്സ് റേ യൂനിറ്റ് പ്രവർത്തനം അവസാനിപ്പിച്ചിട്ട് ഒരു വർഷത്തിലേറെയായി. ഫണ്ടുകൾ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കി പണി പൂർത്തിയാക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം തുണ്ടിൽ നൗഷാദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.