ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട നെൽപ്പുരക്കുന്നിന് സമീപം കല്ലടയാറിനോട് ചേർന്നുള്ള ബണ്ട് റോഡിൽ വിള്ളൽ വീണ് തകർന്ന് മാസങ്ങൾ പിന്നിട്ടിട്ടും പരിഹരിക്കാൻ നടപടിയില്ല. കഴിഞ്ഞ ജൂണിലെ ശക്തമായ മഴയെ തുടർന്നാണ് റോഡ് വീണ്ടും വീണ്ടുകീറി അപകടാവസ്ഥയിലായത്.
കല്ലടയാറിന്റെ തീരത്തുകൂടി കടന്നുപോകുന്ന റോഡിൽ മുമ്പ് നിരവധി തവണ വിള്ളൽ രൂപം കൊണ്ടിട്ടുണ്ട്. നിർമാണത്തിലെ അപാകത മൂലമാണ് വീണ്ടും വിള്ളൽ രൂപപ്പെട്ടത്. വർഷങ്ങൾക്കുമുമ്പ് ഇവിടെ റോഡ് പകുതിയോളം കല്ലടയാർ കവർന്നിരുന്നു.
ഏറെ നാളത്തെ പ്രതിഷേധത്തിനൊടുവിലാണ് പുനർനിർമിച്ചത്. റോഡിൽ വിള്ളൽ ഉണ്ടാകുമ്പോൾ അധികൃതരെത്തി കോൺക്രീറ്റ് മിശ്രിതം കൊണ്ട് വിള്ളൽ അടച്ച ശേഷം ടാർ പൂശി മടങ്ങുകയാണെന്ന പരാതിയുണ്ട്.
വിള്ളൽ ഉണ്ടായ ഭാഗത്ത് റോഡിന് അടിഭാഗത്തേക്ക് കല്ലടയാറ്റിൽ നിന്ന് ശക്തമായ ജലപ്രവാഹം ഉണ്ടാകുന്നതാണ് വിള്ളലിന് കാരണമത്രേ. ഇത് ഒഴിവാക്കാൻ ഈ ഭാഗത്ത് സൈഡ് വാൾ കെട്ടിയ ശേഷം അടിവശത്ത് നിന്ന് പാറ കെട്ടി ഉയർത്തുകയും പിന്നീട് ടാറിങ് നടത്തുകയുമാണ് വേണ്ടതെന്നാണ് നാട്ടുകാർ പറയുന്നത്.
അടുത്തിടെയാണ് തകർന്നുകിടന്ന റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കിയത്. എന്നാൽ അധികം വൈകാതെ തന്നെ റോഡ് വീണ്ടുകീറുകയും ചെയ്തു. വിള്ളൽ വീണ ഭാഗത്ത് ടാർ വീപ്പകൾ നിരത്തിെവച്ചാണ് അധികൃതർ വാഹന-കാൽനട യാത്രികരെ നിയന്ത്രിച്ചിരിക്കുന്നത്. എന്നാൽ രാത്രികാലങ്ങളിൽ ഇത് അപകടം സൃഷ്ടിക്കുന്നതായും പരാതിയുണ്ട്.
ഗവ. ഹയർ സെക്കൻഡറി സ്കൂൾ, വില്ലേജ് ഓഫിസ് അടക്കം പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് നെൽപ്പുരക്കുന്നിലാണ്. ബസ് സർവിസും ഇതുവഴിയുണ്ട്. എന്നാൽ റോഡ് വിണ്ടുകീറുന്നത് ഇവിടേക്ക് എത്തുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.