ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിന്റെ വിവിധ മേഖലകളിൽ വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന സർക്കാർ ഓഫിസുകൾ അവിടങ്ങളിൽനിന്ന് മാറ്റി പ്രവർത്തനം ആരംഭിച്ചത് മിനി സിവിൽ സ്റ്റേഷന്റെ സുരക്ഷിതമല്ലാത്ത കെട്ടിടത്തിലാണെന്ന് ആക്ഷേപം.
സമീപകാലത്തായി മണ്ണ് സംരക്ഷണ ഓഫിസ്, ശിശുക്ഷേമ സമിതി ഓഫിസ്, ഉപജില്ല വിദ്യാഭ്യാസ ഓഫിസ് തുടങ്ങിയവ മിനി സിവിൽ സ്റ്റേഷന്റെ രണ്ടും മൂന്നും നിലകളിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചിരുന്നു. വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫിസുകൾ മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കണമെന്ന കലക്ടറുടെ അടിയന്തര നിർദേശത്തെ തുടർന്നാണ് ഓഫിസുകൾ മാറ്റാൻ തുടങ്ങിയത്. മൂന്ന് ഓഫിസുകൾ മാറ്റിയതോടെ പ്രതിമാസം ഒരു ലക്ഷത്തോളം രൂപ വാടകയിനത്തിൽ ലാഭിക്കാമെങ്കിലും മഴക്കാലത്ത് ചോരുന്നതും ഈർപ്പം പിടിച്ച് കോൺക്രീറ്റുകൾ ഇളകി വീഴുന്നതുമായ കെട്ടിടത്തിലേക്കാണ് ഓഫിസുകൾ മാറ്റിയിരിക്കുന്നതെന്നാണ് ആക്ഷേപം.
1996 ഡിസംബറിൽ അന്നത്തെ ജലസേചന വകുപ്പ് മന്ത്രി ആയിരുന്ന ബേബി ജോൺ ശിലാസ്ഥാപനം നടത്തി 2000 മേയിൽ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരാണ് മിനി സിവിൽ സ്റ്റേഷൻ ഒന്നാംനില ഉദ്ഘാടനം ചെയ്തത്. ഏറെ വൈകാതെ തന്നെ രണ്ടും മൂന്നും നിലകളുടെ നിർമാണം ആരംഭിച്ചെങ്കിലും 15 വർഷത്തിലധികം നീണ്ടു. നിർമാണഘട്ടത്തിൽ കോൺക്രീറ്റ് ഇടിഞ്ഞുവീഴുന്ന സംഭവങ്ങൾ വരെ ഉണ്ടായി.
നിർമാണത്തിൽ വ്യാപകമായ ക്രമക്കേട് നടന്നതായി ആദ്യം മുതൽ തന്നെ ആക്ഷേപം ഉയർന്നിരുന്നു. മൂന്ന് വർഷം മുമ്പ് പണി പൂർത്തീകരിച്ചെങ്കിലും കെട്ടിടത്തിന്റെ ബലത്തെ സംബന്ധിച്ച് ആശങ്ക നിലനിന്നിരുന്ന സാഹചര്യത്തിൽ ഓഫിസുകൾ ഇവിടേക്ക് മാറാതെ ഇരിക്കുകയായിരുന്നു. കലക്ടറുടെ നിർദേശത്തന്റെ അടിസ്ഥാനത്തിൽ ഓഫിസുകൾ ഇങ്ങോട്ടേക്ക് മാറിയെങ്കിലും ജീവനക്കാർ ആശങ്കയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.