ശാസ്താംകോട്ട: വൃത്തിയാക്കാതെ കനാലിലേക്ക് വെള്ളം തുറന്നുവിട്ടതോടെ മാലിന്യം അടിഞ്ഞ കനാൽ സൈഫണിൽ (സംഭരണി) ഒഴുക്ക് തടസ്സപ്പെട്ട് സൈഫൺ നിറത്തുകവിഞ്ഞ് നിരവധി വീടുകളിൽ വെള്ളം കയറി. മനക്കര പെട്രോൾ പമ്പിനു സമീപത്തെ വീടുകളിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ വെള്ളം കയറിയത്.
രാത്രി പന്ത്രണ്ടോടെയാണ് വെള്ളം കയറാൻ തുടങ്ങിയത്. പുരയിടങ്ങളിലൂടെ ഒഴുകിയ വെള്ളം ശാസ്താംകോട്ട - അടൂർ സംസ്ഥാന പാതയിലൂടെയും ഒഴുകാൻ തുടങ്ങി. വിവരം കെ.ഐ.പി അധികൃതരെ അറിയിച്ചു. രാത്രി രണ്ടരയോടെ ഈ ഭാഗത്തേക്കുള്ള ഷട്ടർ അടച്ചെങ്കിലും കനാലിൽ നിലവിലുണ്ടായിരുന്ന വെള്ളം പൂർണമായും ഒഴുകിപ്പോകാതെ സൈഫൺ വൃത്തിയാക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 വരെ ജലം ഒഴുകുകയായിരുന്നു.
രാവിലെയും സൈഫൺ വൃത്തിയാക്കാൻ നടപടി യൊന്നും കെ.ഐ.പി അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകാത്തതിനാൽ മുൻ ഗ്രാമ പഞ്ചായത്ത് അംഗം എസ്. ദിലീപ് കുമാർ വിവരം കലക്ടറെ ധരിപ്പിച്ചു. കലക്ടറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തഹസിൽദാരും വില്ലേജ് ഓഫിസറും സ്ഥലത്തെത്തി കെ.ഐ.പി അധികൃതരെ വിളിച്ചുവരുത്തുകയും പിന്നീട് ആളെ നിർത്തി സൈഫണിൽ കിടന്ന മാലിന്യം വാരി മാറ്റുകയുമായിരുന്നു. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കനാൽ വൃത്തിയാക്കാതെയാണ് ഈ വർഷം കനാൽ തുറന്നുവിട്ടത്. ഇത് സംബന്ധിച്ച് രണ്ടു ദിവസം മുമ്പ് മാധ്യമം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.