ശാസ്താംകോട്ട : പടിഞ്ഞാറേ കല്ലടയിൽ നിർമിക്കുന്ന ഫ്ലോട്ടിങ് സോളാർ പ്ലാന്റ് യാഥാർഥ്യത്തിലേക്ക്. വൈദ്യുതി വില സംബന്ധിച്ച് നാഷനൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപറേഷനും (എൻ.എച്ച്.പി.സി) കെ.എസ്.ഇ.ബിയും ധാരണയിൽ എത്തിയതോടെയാണ് പദ്ധതിക്ക് ജീവനായത്.
യൂനിറ്റ് വൈദ്യുതി വില സംബന്ധിച്ച് നാഷനൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപറേഷനും (എൻ.എച്ച്.പി.സി) കെ.എസ്.ഇ.ബിയും ധാരണയിൽ എത്താത്തതിനെതുടർന്ന് നിർമാണം നീണ്ടുപോയ പദ്ധതി യാഥാർഥ്യമാകുമെന്ന് ഉറപ്പായി.
കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ ഇടപെടലിൽ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ബുധനാഴ്ച ചേർന്ന ഉന്നതലതല യോഗത്തിലാണ് തടസ്സങ്ങൾ നീക്കി പദ്ധതി നടത്തിപ്പുമായി മുന്നോട്ടുപോകാൻ തീരുമാനമുണ്ടായത്.
പടിഞ്ഞാറേ കല്ലടയിൽ 350 ഏക്കർ മുണ്ടകപാടത്താണ് സംസ്ഥാനത്തെതന്നെ ഏറ്റവും വലിയ സോളാർ പദ്ധതി വെളിച്ചം കാണാനൊരുങ്ങുന്നത്.300 കോടി രൂപ ചെലവഴിച്ച് 50 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന രീതിയിലാണ് നിർമാണം. പദ്ധതി നടപ്പാക്കുന്ന മുണ്ടകപ്പാടത്തെ 350 ഏക്കറിൽ അമ്പതേക്കറും പഞ്ചായത്തിന്റേതാണ്.
ബാക്കി വസ്തു ഉടമകൾ കർഷകരാണ്. വസ്തു ഉടമകൾക്ക് പദ്ധതി ലാഭ വിഹിതത്തിന്റെ നാലു ശതമാനം ലഭിക്കും. കർഷകർ അടങ്ങുന്ന വെസ്റ്റ്കല്ലട നോൺ കൺവൻഷനൽ എനർജി പ്രമോട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് 25 വർഷത്തേക്ക് ഭൂമി എൻ.എച്ച്.പി.സിക്ക് പാട്ടത്തിന് ഏറ്റെടുത്തു നൽകിയത്. കമ്പനിയിൽ കർഷകരുടെ പ്രതിനിധികളും പഞ്ചായത്ത് പ്രസിഡന്റുമാണ് ഡയറക്ടർമാർ. യോഗത്തിൽ എൻ.എച്ച്.പി.സിയിലെയും കെ.എസ്.ഇ.ബിയിലെയും ഉദ്യോഗസ്ഥർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.