കോവിഡ്​ മുക്തനായ കെ.പി. ഗിരിനാഥ്​ ജില്ല ആശുപത്രിയിൽ സ്ഥാപിക്കാൻ സീലിങ്​

ഫാനുകളും ക്ലോക്കും ആശുപത്രി സൂപ്രണ്ട്​ ഡോ. ഡി. വസന്തദാസിന്​ കൈമാറുന്നു

കോവിഡ് പട്ടികക്കിടയിലും ഒടുവിൽ കോവിഡ് നുഴഞ്ഞുകയറി; ശേഷം...

കൊല്ലം: ജില്ലയിലെ കോവിഡ് പട്ടിക തയാറാക്കുന്ന കലക്‌ട​േററ്റിലെ സ്‌പെഷല്‍ കോവിഡ് സെല്ലിനെയും ഒടുവിൽ കോവിഡ് പിടികൂടി. എന്നാൽ, കോവിഡിന്​ ആത്മവീര്യത്തെ തോൽപിക്കാനാകാ​ത്തതിനാൽ അതത്​ ദിവസത്തെ അപ്ഡേഷനുകൾ മുടങ്ങാതെ ജനങ്ങളിലേക്കെത്തി.

ദിനംപ്രതി പൊതുജനങ്ങളിലേക്കെത്തുന്ന ജില്ലയിലെ കോവിഡ് കണക്കിെൻറ വാര്‍ത്തക്ക് ആധാരമായ കോവിഡ് പട്ടിക തയാറാക്കുന്നത് കലക്‌ടറേറ്റിലെ സ്‌പെഷല്‍ കോവിഡ് സെല്ലിലാണ്. ജൂനിയര്‍ സൂപ്രണ്ട് കെ.പി. ഗിരിനാഥിനാണ് ഇതിെൻറ സുപ്രധാന ചുമതല. കോവിഡ് പോസിറ്റിവ് കേസുകളുടെ പട്ടിക തയാറാക്കുന്നതിന് നേതൃത്വം കൊടുത്ത ആള്‍തന്നെ കോവിഡ് ബാധിച്ചത് മറ്റു ടീമംഗങ്ങളെ അങ്കലാപ്പിലാക്കിയിരുന്നു. എന്നാല്‍, മനോധൈര്യം കൈവിടാതെ ഗിരിനാഥ് ജില്ല ആശുപത്രിയില്‍ ചികിത്സ തേടി.

അഞ്ചു ദിവസത്തെ ചികിത്സ ഒരുതരം സുരക്ഷിതത്വ ബോധം ഉണ്ടാക്കിയതായി ഗിരിനാഥ് പറഞ്ഞു. ഡോക്ടര്‍മാര്‍ മുതല്‍ താഴെതട്ടിലുള്ള ജീവനക്കാര്‍വരെ സൗഹാര്‍ദപരമായി ഇടപ്പെട്ടു. ആശുപത്രി സൂപ്രണ്ട് ഡോ.ഡി. വസന്തദാസ് എല്ലാ ദിവസവും അന്വേഷണം നടത്താറുണ്ടായിരുന്നു.

കോവിഡിെൻറ കണക്ക് വരുമ്പോള്‍ പട്ടികയിലുള്ള ചിലരുടെ ഫോണ്‍ നമ്പറിലേക്ക് വിലാസവും മറ്റും ഉറപ്പുവരുത്തുന്നതിന് വിളിക്കേണ്ടി വരാറുണ്ട്. ആ സമയങ്ങളില്‍ അവരുടെ മാനസികാവസ്ഥയും അവരുടെ ആശങ്കകളും അനുഭവിച്ചറിയാനായിട്ടുണ്ട്. പട്ടികയിലുള്ളവരുടെ മാനസികാവസ്ഥ പലകുറി ആലോചിച്ചിട്ടുണ്ട്. ഒടുവില്‍ അതേ മാനസികാവസ്ഥയില്‍ എത്തിയെങ്കിലും ഡോക്ടര്‍മാര്‍ നല്‍കിയ ഉപദേശത്തിലും ഉറപ്പിലും വിശ്വസിച്ചതാണ് കോവിഡിനെ അതിജീവിക്കാനിടയാക്കിയതെന്ന് ഗിരിനാഥ് പറഞ്ഞു.

നെഗറ്റിവായ ശേഷം ഭാര്യക്കും മൂത്തമകനും രോഗം ബാധിച്ചു. അവരും രോഗമുക്തരായി. കോവിഡ് പട്ടിക തയാറാക്കുന്നതില്‍ അവധി ദിവസമോ മഴയോ കാലാവസ്ഥ വ്യതിയാനമോ വക​െവക്കാതെ എത്തുന്ന ടൈപ്പിസ്​റ്റ് കെ.ജി. അനില്‍കുമാറിനോടാണ് ഗിരിനാഥിന് കടപ്പാട്. ഒപ്പം ആരോഗ്യവകുപ്പ് മാസ് മീഡിയ ഓഫിസര്‍ ദിലീപ് ഖാന്‍, അസി. മീഡിയ ഓഫിസര്‍മാരായ ശ്രീകുമാര്‍, ജോണ്‍സണ്‍ മാത്യു എന്നിവരോടും.

ദിനംപ്രതി കോവിഡ് കണക്കുകള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുമ്പോള്‍, അത് തയാറാക്കുന്നവര്‍ കാത്തിരിക്കുന്നത്​ ഇന്ന് ജില്ലയില്‍ രോഗബാധിതര്‍ ഇല്ല എന്ന്​ വാര്‍ത്ത അടിച്ചുവരുന്ന ഒരു ദിനമാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.