കൊല്ലം: ശ്രീനാരായണഗുരു ഓപൺ സർവകലാശാല പ്രഥമ സംസ്ഥാന കലോത്സവത്തിന് തിരശ്ശീലവീണു. 137 പോയന്റുമായി എറണാകുളം മഹാരാജാസ് കോളജ് പഠനകേന്ദ്രം ഓവറോൾ ചാമ്പ്യൻമാരായി. കൊല്ലം ഫാത്തിമ മാതാ നാഷനൽ കോളജ് രണ്ടാം സ്ഥാനവും (82 പോയന്റ്) കൊല്ലം ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളജ് മൂന്നാംസ്ഥാനവും നേടി.കൊല്ലം ടി.കെ.എം ആർട്സ് കോളജ് പഠനകേന്ദ്രത്തിലെ വിദ്യാർഥിയായ ദേവിക ജയദാസ് 18 പോയന്റ് നേടി കലാതിലകമായും കോട്ടയം സർക്കാർ കോളജിലെ ടി.പി. രാജീവ് 14 പോയന്റ് നേടി കലാപ്രതിഭയായും എറണാകുളം മഹാരാജാസ് കോളജ് പഠനകേന്ദ്രത്തിലെ സ്നേഹ സെബാസ്റ്റ്യൻ 20 പോയന്റ് നേടി കലാരത്നമായും തെരഞ്ഞെടുക്കപ്പെട്ടു.
സമാപനസമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കേരളത്തെ ഉന്നത വിദ്യാഭ്യാസമേഖലയിലെ ഹബ് ആക്കി മറ്റുമെന്നും വ്യവസ്ഥാപിതമായ പഠനത്തിന് അപ്പുറം മാറുന്ന കാലത്തിന് അനുസരിച്ച് സർവകലാശാലകൾ മാറണം എന്നാണ് സർക്കാർ കാഴ്ചപ്പാടെന്നും മന്ത്രി സമാപനസമ്മേളനത്തിൽ പറഞ്ഞു. വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റും മന്ത്രി വിതരണം ചെയ്തു. ആശ്രാമം ശ്രീനാരായണ സാംസ്കാരിക സമുച്ചയത്തിലെ കലോത്സവവേദിയിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ.പി.എം.മുബാറക് പാഷ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ്ചന്ദ്രൻ, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ.എം. ജയപ്രകാശ്, കെ. അനുശ്രീ, ഹെഡ് ഓഫ് സ്കൂൾ ഡോ. വിൻസെന്റ് ബി നെറ്റോ, സംഘാടക സമിതി ജനറൽ കൺവീനർ അഡ്വ. ബിജു കെ. മാത്യു, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡോ. ഗ്രെഷ്യസ് ജെയിംസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.