കൊല്ലം: ജോലി വാഗ്ദാനം ചെയ്ത് വൻ സൈബർ തട്ടിപ്പ് നടത്തിയ സംഘത്തിലെ അംഗങ്ങൾ കൊല്ലം സിറ്റി സൈബർ പൊലീസിന്റെ പിടിയിലായി. കോഴിക്കോട് താമരശ്ശേരി രാരോത്ത് വില്ലേജിൽ പറയരുതൊടികയിൽ വീട്ടിൽ മുഹമ്മദ് അൻസർ (39), കോഴിക്കോട് താമരശ്ശേരി വെഴക്കാട് വീട്ടിൽ യദുകൃഷ്ണൻ (25) എന്നിവരാണ് പിടിയിലായത്. ടെലിഗ്രാം അധിഷ്ടിത ടാസ്കുകളിലൂടെയും ക്രിപ്റ്റോ ട്രേഡിങ്ങിലൂടെയും പാർട്ട് ടൈമായി വൻ തുക ലാഭം ഉണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്ത് ഗ്രൂപ്പുകളിൽ അംഗമാക്കിയശേഷം പ്രലോഭിപ്പിച്ച് പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ക്രിപ്റ്റോ േട്രഡിങ്ങിലുടെ നിക്ഷേപിക്കുന്ന പണം പലവിധത്തിൽ േട്രഡിങ് നടത്തി ചുരുങ്ങിയ കാലയളവിൽ വൻ ലാഭം നേടിയെടുക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം നൽകിയാണ് തട്ടിപ്പ് നടത്തിയത്. കൊല്ലം പട്ടത്താനം സ്വദേശിയായ നിക്ഷേപകനിൽ നിന്ന് 40.04 ലക്ഷം രൂപയാണ് പ്രതികൾ ഉൾപ്പെട്ട സംഘം തട്ടിയെടുത്തത്. നിക്ഷേപിച്ച പണമോ ലാഭവിഹിതമോ പിൻവലിക്കാൻ കഴിയാതെ വന്നതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞ് പരാതിയുമായി സൈബർ പൊലിസ് സ്റ്റേഷനിലെത്തിയത്.
കൊല്ലം സിറ്റി പോലീസ് കമീഷണർ ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം ഡി.സി.ആർ.ബി എ.സി.പി എ. നസീറിന്റെ മേൽനോട്ടത്തിൽ കൊല്ലം സിറ്റി സൈബർ ൈക്രം പൊലീസ് ഇൻസ്പെക്ടർ അബ്ദുൽ മനാഫ്, എസ്.ഐമാരായ നന്ദകുമാർ, അരുൺകുമാർ, സി.പി.ഒ ഹബീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.