കൊല്ലം: കൊല്ലം-ചെന്നൈ റെയിൽവേ പാതയിൽനിന്ന് തിരുവനന്തപുരം-എറണാകുളം മെയിൻ ലൈനിലേക്ക് കല്ലുംതാഴത്ത് ബൈപാസ് നിർമിക്കുന്നത് സംബന്ധിച്ച ചർച്ച സജീവം. സാധ്യത പഠനം റെയിൽവേ മധുര ഡിവിഷൻ നടത്താൻ ഒരുങ്ങുന്നു. ട്രെയിൻ സ്റ്റേഷനിലെത്തിയശേഷം എൻജിൻ മാറ്റി എതിർദിശയിൽ ഘടിപ്പിച്ച് യാത്ര തുടരുന്ന സംവിധാനമാണ് ലോക്കോമോട്ടീവ് റിവേഴ്സൽ. ഇത് ഒഴിവാക്കി സമയ-ധനനഷ്ടം കുറക്കുന്നതിനാണ് ഒരു കിലോമീറ്റർ ദൂരം റേയിൽ ബൈപാസ് വേണമെന്നാശയം ഉയരുന്നത്.
നിലവിൽ തിരുന്നെൽവേലി-പാലക്കാട് (പാലരുവി), മധുര-ഗുരുവായൂർ, വേളാങ്കണ്ണി-എറണാകുളം ട്രെയിനുകൾക്കാണ് ഇരുഭാഗത്തേക്ക് പോകുമ്പോഴും കൊല്ലത്ത് ലോക്കോമോട്ടീവ് റിവേഴ്സൽ വേണ്ടിവരുന്നത്. ഇതുമൂലം കൊല്ലത്ത് 30 മുതൽ 40 മിനിട്ട് വരെ ട്രെയിൻ പിടിച്ചിടേണ്ടി വരുന്നു. കൂടാതെ റെയിൽവേയുടെ ജോലിഭാരവും കൂടുന്നു.
കൊല്ലം റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിന്റെ ലഭ്യത ഉൾപ്പെടെ പ്രതിസന്ധിയുണ്ട്. പലപ്പോഴും എ വൺ പ്ലാറ്റ്ഫോമിലാണ് ട്രെയിൻ പിടിച്ചിട്ട് എൻജിൻ മാറ്റുന്നത്. കൊല്ലത്തുനിന്ന് ആരംഭിക്കുന്ന എറണാകുളം ലൈനും ചെങ്കോട്ട ലൈനും വേർതിരിയുന്നത് കല്ലുംതാഴം റെയിൽവേ ഗേറ്റിന് സമീപത്തുനിന്നാണ്. ഇവിടെ ബൈപാസ് സ്ഥാപിച്ചാൽ പുനലൂർ, ചെങ്കോട്ട ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്കും തിരിച്ചും വരുന്ന ട്രെയിനുകൾക്ക് കൊല്ലം സ്റ്റേഷനിലെത്തി എൻൻജിൻ എതിർദിശയിൽ മാറ്റി ഘടിപ്പിച്ച് പോകുന്നത് ഒഴിവാക്കാം.
പക്ഷേ, യാത്രക്കാർക്ക് കൊല്ലം സ്റ്റേഷന് പകരം കിളികൊല്ലൂർ സ്റ്റേഷനിൽ ഇറങ്ങേണ്ടിവരും. കൊല്ലം കോർപറേഷനിൽപ്പെട്ട സ്ഥലമാണ് കിളികൊല്ലൂരും. കിളികൊല്ലൂർ റെയിൽവേ സ്റ്റേഷനെ കൊല്ലം ടൗൺ റെയിൽവേ സ്റ്റേഷനായി വികസിപ്പിച്ചാൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാവുകയുമില്ല. കല്ലുംതാഴത്ത് റെയിൽവേ ലൈനിനോട് ചേർന്ന തരിശുപാടം മധുര, തിരുവനന്തപുരം ഡിവിഷനുകളുടെ പേരിലായതിനാൽ ബൈപാസ് നിർമാണത്തിന് അധികമായി ഭൂമി ഏറ്റെടുക്കേണ്ടിവരില്ല. ഇത് നിർമാണച്ചെലവും കുറക്കും. കിളികൊല്ലൂരിൽനിന്ന് ചിന്നക്കടയിലേക്കുള്ള ദൂരം ആറ് കിലോമീറ്ററാണ്. കൂടാതെ കൊല്ലം-തിരുമംഗലം ദേശീയപാത 744നോട് ചേർന്നാണ് കിളികൊല്ലൂർ റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്. കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യബസുകളും കിളികൊല്ലൂരിൽ നിന്ന് യഥേഷ്ടം ലഭിക്കും.
ചെങ്കോട്ട-പുനലൂർ-കൊല്ലം റെയിൽപാതയിൽനിന്നും എറണാകുളം ഭാഗത്തേക്ക് കൂടുതൽ സർവിസുകൾ ആരംഭിക്കുന്നതിനും നിലവിലെ ലോക്കോമോട്ടീവ് റിവേഴ്സൽ തടസ്സമാണ്. ചെന്നൈ-കൊല്ലം പാത വഴി ചരക്ക് തീവണ്ടികൾ ഓടിത്തുടങ്ങുമ്പോൾ ബൈപാസ് പാത അതിനും സഹായകരമാകും. ബൈപാസ് നിർമാണത്തിന് ജനപ്രതിനിധികളുമായി റെയിൽവേ ബോർഡ് പ്രാഥമിക ചർച്ച തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.