പുനലൂർ: അമ്പനാട് എസ്റ്റേറ്റിലെ അറണ്ടൽ ഡിവിഷനിൽ കഴിഞ്ഞ രാത്രി കാട്ടാനയിറങ്ങി തൊഴിലാളിയുടെ ലയം തകർത്തു. ഉറങ്ങികിടന്ന തൊഴിലാളിയും മക്കളും തലനാരിഴക്ക് രക്ഷപ്പെട്ടു. അമ്പനാട് അരണ്ടൻ വാർഡിൽ മാമൂട്ടിൽ ശശികുമാറിന്റ ലയത്തിലാണ് ആനക്കൂട്ടമെത്തിയത്.
ലയത്തിന്റെ ഒരുവശം ആന തകർത്തു. വാതിലുകളും ജനലും കുത്തിപ്പൊളിച്ചു. മുറിക്കുള്ളിലുണ്ടായിരുന്ന പ്ലാസ്റ്റിക് കസേര അടിച്ചു തകർക്കുകയും ചെയ്തു. തൊട്ടടുത്ത മുറിയിൽ ഉറക്കത്തിലായിരുന്ന ശശികുമാറും മക്കളും ശബ്ദം കേട്ട് എഴുന്നേറ്റ് ആനയെ കണ്ട് മറ്റൊരു വാതിലിലൂടെ പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. ലയത്തിന്റെ ഭിത്തി പലഭാഗത്തും ആന കുത്തി തകർക്കാൻ ശ്രമിച്ചു. മണിക്കൂറുകളോളം പ്രദേശത്ത് ഭീതി ഉയർത്തിയ ആന പിന്നീട് കാടുകയറുകയായിരുന്നു.
ആന ഉൾപ്പെടെ വന്യമൃഗങ്ങളുടെ ശല്യം കാരണം രാത്രിയിൽ ലയങ്ങളിൽപോലും കിടന്നുറങ്ങാൻ പറ്റാതായെന്ന് തൊഴിലാളികൾ പറയുന്നു. എസ്റ്റേറ്റുകളോട് ചേർന്നുള്ള വനത്തിൽ നിന്നാണ് ആനയും പുലിയും മറ്റും ജനവാസ മേഖലയിൽ എത്തുന്നത്. എസ്റ്റേറ്റുകളും കാടുമൂടിയതോടെ ഭയത്തോടെയാണ് തൊഴിലാളികൾ ജോലിക്ക് പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.