കൊല്ലം: രണ്ടുമാസത്തെ വേനലവധിയോട് വിടപറഞ്ഞ് സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ സ്കൂൾ വിപണിയിൽ തിരക്കേറി. ബാഗും കുടയും ടിഫിൻ ബോക്സും യൂനിഫോമും നോട്ടുബുക്കുകളും വാങ്ങാനുള്ള ഓട്ടത്തിലാണ് രക്ഷിതാക്കളും കുട്ടികളും. മഴ എത്തിയതോടെ കുടകൾക്കും റെയിൻകോട്ടിനും വിൽപന കൂടി. സ്കൂള്‍ വിപണിയില്‍ വില കൂടാത്ത ഒരു ഇനംപോലുമില്ല. വിലക്കയറ്റം നട്ടെല്ലൊടിക്കുമെങ്കിലും കുട്ടികളുടെ കാര്യമായതുകൊണ്ട് ഒന്നിനും ഒരു കുറവും വരുത്തുന്നില്ല രക്ഷിതാക്കള്‍. മിക്ക സ്കൂൾ ഉൽപന്നങ്ങൾക്കും ഇത്തവണ 10 മുതൽ 20 ശതമാനം വരെ വില വർധിച്ചത് രക്ഷിതാക്കൾക്ക് തിരിച്ചടിയാണ്.
പല കടകളിലും കുട്ടികളെയും രക്ഷിതാക്കളെയും ആകർഷിക്കാൻ സ്കൂൾ കിറ്റുകൾ ഒരുക്കിയിട്ടുണ്ട്. കിറ്റുകൾക്ക് 2000 രൂപക്ക് മുകളിലാണ് വില. നോട്ട് ബുക്കുകൾക്ക് അഞ്ച് മുതൽ10 രൂപ വരെ വില വർധിച്ചു. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റമാണ് വിലകൂടാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. സാധനങ്ങളുടെ വില വർധനവിന് സമാനമായി വരുമാനം വർധിക്കാത്തതാണ് രക്ഷിതാക്കൾക്ക് തിരിച്ചടിയാകുന്നത്. രണ്ട് കുട്ടികൾക്ക് പഠന സാമഗ്രികൾ വാങ്ങാൻ മാത്രം 5000 രൂപയെങ്കിലും ചെലവഴിക്കേണ്ടിവരുന്നതായി പലരും ചൂണ്ടിക്കാട്ടുന്നു. ഇതിനൊപ്പം സ്കൂൾ ഫീസും യൂണിഫോമുമടക്കം അനുബന്ധ ചെലവുകൾ വേറെയും. ജീവിതച്ചെലവ് നാൾക്കുനാൾ വർധിക്കുമ്പോഴാണ് സ്കൂൾ വിപണി കുടുംബങ്ങളെ പൊള്ളിക്കുന്നത്. സ്കൂളുകൾ നൽകുന്ന യൂനിഫോമുകൾക്കും വില കൂട്ടിയിട്ടുണ്ട്.
പൊതു വിപണിയിലെ വില വർധന കാരണം ഓൺലൈൻ വിപണിയെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടി. ഓഫറുകൾ നൽകുന്നതിനാൽ ഓൺലൈൻ വിപണി സജീവമാണ്. ഇത് പ്രാദേശിക കച്ചവടത്തെ സാരമായി ബാധിക്കുന്നുമുണ്ട്. വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ വിപണിയിൽ ഇടപെടുന്നില്ലെന്ന പരാതി പരക്കെയുണ്ട്. നോട്ടുബുക്കുകൾക്കും ഇക്കുറി വിലയേറി. 30 രൂപ മുതൽ 50 രൂപ വരെയാണ് സ്കൂൾ നോട്ട് ബുക്കുകളുടെ വില. സാധാരണ സ്കൂൾ ബാഗിന് 350 രൂപ മുതലാണ് വില. ബ്രാൻഡഡ് ബാഗുകൾക്ക് രണ്ടായിരത്തിന് മേലെയാകും. കുടകളുടെ തരം അനുസരിച്ച് 350ന് മുകളിലേക്കാണ് വില. ഇൻസ്ട്രുമെന്റ് ബോക്സിന് 100- 250 രൂപ. അനിമേഷൻ സിനിമകളിലെ കഥാപാത്രത്തിന്റെ ചിത്രമുള്ള ത്രീഡി ബാഗുകൾക്ക് 850 രൂപക്ക് മുകളിലാണ് വില. കുട്ടികളുടെ മഴക്കോട്ടുകൾക്ക് 200 രൂപ മുതലാണ്. പുസ്തകങ്ങൾ പൊതിയുന്ന ബ്രൗൺ പേപ്പർ റോളിന് 100 രൂപ.
കാർട്ടൂൺ കഥാപാത്രങ്ങളുടെയും വാഹനങ്ങളുടെയും ആകൃതിയിലുള്ള പെൻസിൽ ബോക്സുകളാണ് സ്കൂൾ വിപണിയിലെ താരം. ഷൂസ്, ചെരിപ്പ്, ലഞ്ച് ബോക്സ് എന്നിവ വാങ്ങാനും തിരക്കുണ്ട്. മുതിർന്ന ക്ലാസിലെ കുട്ടികൾക്ക് വിവിധ ബ്രാൻഡുകളുടെ ബാക്ക് പാക്ക് ബാഗുകൾ, സൈഡ് ബാഗുകൾ എന്നിവയാണ് ആവശ്യം. കൂടുതൽ ആവശ്യക്കാരുള്ള സ്റ്റീൽ വാട്ടർ ബോട്ടിലുകൾക്ക് 250 രൂപ മുതൽ വില തുടങ്ങുന്നു. മഴക്കാലമായതിനാൽ ചൂടുനിൽക്കുന്ന വാട്ടർ ബോട്ടിലിനാണ് കൂടുതൽ ആവശ്യക്കാർ. 350 മില്ലിലിറ്റർ തെർമൽ ബോട്ടിലിന് 500 മുതലാണ് വില. 500 മില്ലി, 750 മില്ലി, ഒരുലിറ്റർ എന്നിങ്ങനെയുള്ള അളവുകളിൽ വാട്ടർ ബോട്ടിലുകൾ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.