കൊല്ലം: ആശുപത്രിയിലേക്കുളള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ പ്രസവിച്ച യുവതിക്കും നവജാതശിശുവിനും ആവശ്യമായ പരിചരണമേകി ആംബുലൻസ് ജീവനക്കാർ. കൊട്ടാരക്കര വാക്കനാട് സ്വദേശിനിയായ 25 കാരിയാണ് ആംബുലൻസിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. ശനിയാഴ്ച രാവിലെ ഒൻപതരയോടെയാണ് കുണ്ടറ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിന് ചികിത്സ തേടിയ യുവതിയെ അടിയന്തിര വിദഗ്ധ ചികിത്സക്കായി കൊല്ലം വിക്ടോറിയ ആശുപത്രിയിലേക്ക് റഫർ ചെയ്തത്.
കുണ്ടറ താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിലെ പൈലറ്റ് ബി. ആദർശ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ദിലീപ് കെ. മോഹനൻ എന്നിവർ ആശുപത്രിയിൽ എത്തി യുവതിയുമായി കൊല്ലം വിക്ടോറിയ ആശുപത്രിയിലേക്ക് യാത്രതിരിച്ചു. ആംബുലൻസ് കടപ്പാക്കട എത്തുമ്പോഴേക്കും യുവതിയുടെ ആരോഗ്യനില വഷളാവുകയും തുടർന്ന് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ദിലീപ് നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്ന് മനസിലാക്കി ആംബുലൻസിൽ ഇതിനു വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. പത്തോടെ ദിലീപിന്റെ പരിചരണത്തിൽ യുവതി ആംബുലൻസിൽ കുഞ്ഞിന് ജന്മം നൽകി.
ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകിയതിന് ശേഷം കൊല്ലം വിക്ടോറിയ ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.