കൊല്ലം: സ്ഥിരമായി സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് പൊതുജനങ്ങളുടെ സ്വൈര്യജീവിതത്തിന് ഭീഷണിയായി മാറിയ കുറ്റവാളികളെ കാപ്പ പ്രകാരം അറസ്റ്റ് ചെയ്ത് തടങ്കലിലാക്കി.
ആറ് മാസത്തേക്ക് സിറ്റി പൊലീസ് പരിധിയിൽ പ്രവേശിക്കരുതെന്ന തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവ് ലംഘിച്ച മയ്യനാട് പന്തലയിൽ തെക്കതിൽ സാത്താൻ സന്തോഷ് എന്ന സന്തോഷ് (36), നിരവധി ക്രമിനൽ കേസുകളിൽ പ്രതിയായ പേരൂർ വയലിൽ പുത്തൻ വീട്ടിൽ പട്ടര് രാജീവ് എന്ന രാജീവ് (30) എന്നിവരെയാണ് കാപ്പ പ്രകാരം അറസ്റ്റ് ചെയ്ത് തടങ്കലിലാക്കിയത്.
സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫ് കലക്ടറും ജില്ല മജിസ്ട്രേറ്റും കൂടിയായ അഫ്സാന പർവീണിന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് രാജീവിനെതിരെ കരുതൽ തടങ്കലിന് ഉത്തരവായത്.
2017 മുതൽ കിളികൊല്ലൂർ സ്റ്റേഷൻ പരിധിയിൽ വ്യക്തികൾക്ക് നേരെയുള്ള കൈയേറ്റം, അതിക്രമം, ആയുധം കൊണ്ട് ദേഹോപദ്രവം ഏൽപിക്കൽ, കൊലപാതക ശ്രമം, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം, കവർച്ച തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത എട്ടോളം കുറ്റകൃത്യങ്ങളിൽ പ്രതിയാണ്.
ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കി. കൊലപാതകം, കൊലപാതക ശ്രമം, പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം, കവർച്ച, തുടങ്ങി കുറ്റകൃത്യങ്ങളിൽ പ്രതിയാണ് സന്തോഷ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.