കൊല്ലം: ഉത്ര വധക്കേസിൽ തനിക്കെതിരെയുള്ള സാക്ഷിമൊഴികൾ കളവാണെന്ന് പ്രതി സൂരജ്. ഉത്രയുടെ വീട്ടുകാർ പൊലീസിനെ സ്വാധീനിച്ച് കള്ളക്കേസ് എടുപ്പിച്ചതാണെന്ന് പറഞ്ഞ പ്രതി, പാമ്പിനെ കൊണ്ട് കടിപ്പിച്ചു എന്ന ആരോപണം നിഷേധിച്ചു. പാമ്പിനെ കൈകാര്യം ചെയ്യാൻ അറിയില്ലെന്നും വിശദീകരണവാദം കേൾക്കലിന് മറുപടിയായി സൂരജ് ഇക്കാര്യം കോടതിയെ അറിയിച്ചു.
ഉത്രയെ രണ്ടാമത് പാമ്പ് കടിച്ച ദിവസം മറ്റൊരു മുറിയിലാണ് താൻ കിടന്നതെന്നും സൂരജ് അവകാശപ്പെട്ടു. വിശദീകരണ വാദം കേൾക്കൽ കോടതി പൂർത്തിയാക്കി. പ്രോസിക്യൂഷൻ ഭാഗം തെളിവുകളുടെ അടിസ്ഥാനത്തിൽ ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം. മനോജ് വിശദീകരണം തേടുന്ന നടപടിക്രമമാണ് പൂർത്തിയായത്.
തെളിവുകളുടെ അടിസ്ഥാനത്തിൽ 692 ചോദ്യങ്ങളിലാണ് പ്രതിയോട് വിശദീകരണം ആവശ്യപ്പെട്ടത്. എഴുതി തയാറാക്കിയ വിശദീകരണത്തിൽ, ഉത്രയെ ആദ്യം അണലി കടിച്ച ദിവസം രാത്രി ഉത്സവം കണ്ട ശേഷം വയലിൽ കൂടി നടന്നാണ് വന്നതെന്ന് സൂരജ് പറഞ്ഞു. താൻ മദ്യപിച്ചിരുന്നു. രാത്രി ഉത്ര കരയുന്നത് കേട്ടാണ് ഉണർന്നത്. വേദനിക്കുന്നു എന്ന് ഉത്ര പറഞ്ഞത് പ്രകാരം സുഹൃത്ത് വിളിച്ചു.
അടൂരിലുള്ള ആശുപത്രിയിൽ രാത്രി എത്തിച്ചെങ്കിലും എന്താണ് കടിച്ചതെന്ന് മനസ്സിലാകുന്നില്ലെന്ന് ഡോക്ടർ അറിയിച്ചു. തുടർന്ന് തിരുവല്ലയിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൻറിവെനം കുത്തിെവച്ചതിെൻറ റിയാക്ഷനാണ് ഉത്രക്കുണ്ടായതെന്നും സൂരജ് അവകാശപ്പെട്ടു.
രണ്ടാമത് ഉത്രയെ മൂർഖൻ കടിച്ച ദിവസം, താൻ താഴത്തെ നിലയിൽ മറ്റൊരു മുറിയിലാണ് കിടന്നതെന്നും കുഞ്ഞും ഉത്രയുടെ മാതാവുമാണ് അവർക്കൊപ്പം മുറിയിൽ ഉറങ്ങിയതെന്നുമാണ് സൂരജ് തുടർന്ന് പറഞ്ഞത്. ഉത്രയുടെ മുറിയിലെ രണ്ട് ജനാലകളും തുറന്നുകിടക്കുകയായിരുന്നെന്നും സൂരജ് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.