കൊല്ലം: സംസ്ഥാനത്തെ മാലിന്യ സംസ്കരണം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും ഇതില്‍ ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം വിലമതിക്കാനാകാത്തതാണെന്നും മന്ത്രി ജെ. ചിഞ്ചുറാണി. ‘അഴകാര്‍ന്ന കൊല്ലം ജനപങ്കാളിത്തത്തോടെ’ പദ്ധതിയുടെ ഭാഗമായി തങ്കശ്ശേരി ഡിവിഷനില്‍ സ്ഥാപിച്ച മെക്കനൈസ്ഡ് എയ്റോബിക് യൂനിറ്റ്, ഇന്‍സിനറേറ്റര്‍ എം.സി.എഫ് എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മാലിന്യനിര്‍മാര്‍ജനത്തിനായി ത്വരിതഗതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കിവരുന്നത്.
ജില്ലയിലെ ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഉത്തമ ഉദാഹരണമാണ് കുരീപ്പുഴ ചണ്ടി ഡിപ്പോയുടെ പ്രവര്‍ത്തനം. കൂടുതല്‍ ഇടങ്ങളിലെ മാലിന്യ സംസ്കരണ കേന്ദ്രങ്ങള്‍ക്കായി റവന്യൂഭൂമി ഏറ്റെടുത്ത് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും.
മാലിന്യ സംസ്കരണത്തിലൂടെ ലഭിക്കുന്ന ജൈവവളങ്ങള്‍ ഉപയോഗിച്ച് പച്ചക്കറി കൃഷി സംസ്ഥാനമാകെ വ്യാപിപ്പിക്കുകയും ഇതിലൂടെ പച്ചക്കറിയില്‍ സ്വയം പര്യാപ്തത കൈവരിക്കുകയുമാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, കോര്പറേഷന് സ്ഥിരംസമിതി അംഗങ്ങളായ യു. പവിത്ര, എസ്. സവിതാദേവി, ഹണി, എ.കെ. സവാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
കൊല്ലം: 40 ലക്ഷം രൂപ ചെലവില്‍ സംസ്ഥാനത്ത് ആദ്യമായാണ് ഒരു കോര്പറേഷന് മാലിന്യ സംസ്കരണത്തിന് മെക്കനൈസ്ഡ് എയ്റോബിക് യൂനിറ്റ് പ്രയോജനപ്പെടുത്തുന്നത്. പ്രതിദിനം 3000 കിലോ മാലിന്യങ്ങള്‍ നിമിഷാര്‍ഥത്തില്‍ വളമാക്കാന്‍ സാധിക്കും. ഇന്‍സിനറേറ്ററില്‍ പാഡ്, ഡയപ്പര്‍ തുടങ്ങിയവയും സംസ്കരിക്കാന്‍ സാധിക്കും.
ജൈവ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി ഹരിത കര്‍മസേനയെ പ്രയോജനപ്പെടുത്തും. 150 രൂപ പ്രതിമാസ നിരക്കില്‍ എല്ലാ വീടുകളിലും സേവനമുറപ്പാക്കാനാണ് കൊല്ലം കോര്‍പറേഷന്റെ ലക്ഷ്യം. തീരപ്രദേശത്തെ മാലിന്യനിര്‍മാര്‍ജനത്തിനായി സമാന രീതിയില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.