കൊല്ലം: നാഷനൽ സർവിസ് സ്കീം സംഘടിപ്പിച്ച പ്രസംഗമത്സരത്തിെൻറ ചൂടിലിരിക്കുകയാണ് എസ്.എൻ വനിത കോളജിലെ മിടുക്കികൾ. ചർച്ചയിലേക്ക് തെരഞ്ഞെടുപ്പ് വന്നതോടെ പുതുതലമുറ ആവേശത്തോടെ ആവശ്യങ്ങളുടെ കെട്ടഴിച്ചു. ഭാവി തന്നെയാണ് എല്ലാവരുടെയും വിഷയം. സുരക്ഷിതമായൊരു ജോലി ഉറപ്പുനൽകുന്നവർക്ക് വോട്ടെന്ന് അവർ ഉറച്ച സ്വരത്തിൽ ഉറപ്പിച്ചുപറയുന്നു.
സ്കൂൾ വിദ്യാഭ്യാസത്തിൽ ഉൾപ്പെടെ വന്ന ഗുണകരമായ മാറ്റങ്ങളിൽ തങ്ങളെക്കൂടി പരിഗണിക്കണമെന്നായിരുന്നു ഒന്നാം വർഷ ബി.എസ്സി കെമിസ്ട്രി വിദ്യാർഥിനി അശ്വിനി തങ്കത്തിന് പറയാനുണ്ടായിരുന്നത്. ഇനിയും വികസനമേറെയുണ്ടാകണം, ഒപ്പം ഹൈടെക് ക്ലാസൊക്കെ കോളജ് തലത്തിലേക്കും എത്തണമെന്ന് അശ്വിനി പറഞ്ഞു നിർത്തിയപ്പോഴേക്കും വികസന കാര്യത്തിൽ ഇനിയും ഏറെ പ്രതീക്ഷ െവച്ചുപുലർത്തുന്നുണ്ടെന്ന് രാജലക്ഷ്മിയുടെ അഭിപ്രായമെത്തി.
കോഴ്സുകൾക്കൊടുവിൽ തൊഴിൽസാധ്യതകൾ വരേണ്ടതിലേക്കായിരുന്നു ബോട്ടണി വിദ്യാർഥിനിയായ രാജലക്ഷ്മി ചർച്ചയുടെ ശ്രദ്ധക്ഷണിച്ചത്.
അതിന് തുടർച്ചയായി അഞ്ജന എസ്. ബാബു പങ്കുെവച്ചത് പി.എസ്.സി വഴിയുള്ള നിയമനങ്ങളിൽ വേണ്ട സുതാര്യതയെക്കുറിച്ചായിരുന്നു. ഇപ്പോഴത്തെ, സർക്കാറിൽ തനിക്ക് വിമർശനാത്മകമായി തോന്നിയത് തിരുകിക്കയറ്റിയുള്ള നിയമനങ്ങളായിരുന്നു എന്ന ആമുഖത്തോടെയായിരുന്നു ബി.എ ഇക്കണോമിക്സ് പഠിക്കുന്ന അഞ്ജനയുടെ പ്രതികരണം.
ആദ്യമായി വോട്ട് ചെയ്യാൻ പോകുന്നതിെൻറ സന്തോഷം പ്രകടിപ്പിച്ച ബയോ കെമിസ്ട്രി ആൻഡ് െഎ.എം.ബി വിദ്യാർഥിനി ആമിന ഹമീദ് ഇലക്ഷൻ സമയത്ത് മാത്രം മുന്നിലെത്തുന്ന സ്ഥാനാർഥികൾ പിന്നീട് പറന്ന് നടക്കുന്ന കാഴ്ച മാത്രമാണ് കാണാനാകുകയെന്ന നിരീക്ഷണവും അവതരിപ്പിച്ചു.
ചില കാര്യങ്ങൾ ഒഴിച്ചുനിർത്തിയാൽ ഇപ്പോഴത്തെ ഭരണം സൂപ്പറാണെന്ന അഭിപ്രായവും കുട്ടികൾ പങ്കുെവച്ചു.
കോവിഡ് കാലത്തെ ആശ്വാസ നടപടികളെക്കുറിച്ച് അവർ നിർത്താതെ സംസാരിച്ചു. അവിടെനിന്ന് വീണ്ടും ജോലിയിലേക്കുതന്നെ ചർച്ചയെത്തി. പി.എസ്.സി കഴിഞ്ഞാൽ പിന്നെയൊന്നും മുന്നിലില്ല എന്ന ആശങ്ക അവർക്കുണ്ട്. ബയോ കെമിസ്ട്രി ആൻഡ് െഎ.എം.ബി വിദ്യാർഥിനി നീനമോൾ, ഇംഗ്ലീഷ് വിഭാഗത്തിൽനിന്ന് നന്ദന ബാബു, കൃപാദാസ്, ഗണിത വിദ്യാർഥിനി ശ്രീലക്ഷ്മി ബോബൻ എന്നിവരെല്ലാം ആവേശത്തോടെ ചർച്ചയുടെ ഭാഗമായി.
കഷ്ടപ്പെട്ട് പഠിച്ച്, ലക്ഷങ്ങൾ നൽകി ജോലിക്ക് കയറേണ്ട ദുരവസ്ഥ വിവരിച്ചപ്പോൾ ഭാവിയെക്കുറിച്ച ഉള്ളിലുള്ള ആശങ്കയാണ് പുറത്തുവന്നത്. സ്കോളർഷിപ്പുകൾ സമയത്തിന് ലഭ്യമാക്കുക, െഎ.ടി മേഖലയിൽ കൂടുതൽ അവസരങ്ങൾ തുറക്കുക, കാര്യക്ഷമമായ െഎ.ടി വിദ്യാഭ്യാസം ഉറപ്പുവരുത്തുക, ഇേൻൺഷിപ് സൗകര്യം ഡിഗ്രി തലത്തിൽ നടപ്പാക്കുക, ചെറുപ്പക്കാർക്ക് കൂടുതൽ അവസരങ്ങളൊരുക്കുക എന്നിങ്ങനെ ഭരണാധികാരികൾ ശ്രദ്ധിക്കേണ്ട ആവശ്യങ്ങൾ വ്യക്തമായി പറയുന്നതിൽ ഒരു മടിയുമില്ല.
പഠിത്തത്തിെൻറയും േജാലിയുടെയും കാര്യങ്ങളിൽനിന്ന് ചർച്ചയെ, സർക്കാർ ആശുപത്രിയിൽ സാധാരണക്കാർക്ക് മികച്ച ചികിത്സ ഉറപ്പുവരുത്തണമെന്ന ആവശ്യത്തിലേക്ക് അശ്വിനി തങ്കം കൂട്ടിക്കൊണ്ടുപോയി. കോവിഡ് കാലത്ത് പല ആശുപത്രികളിലും മറ്റ് ചികിത്സാ സൗകര്യങ്ങൾ ലഭ്യമാകാതിരുന്ന അനുഭവമാണ് അശ്വിനി ഒാർമിപ്പിക്കുന്നത്.
ഇങ്ങനെ തങ്ങളുടേതും നാടിേൻറതുമായ നിരവധി പ്രശ്നങ്ങളിൽ വ്യക്തമായ അഭിപ്രായങ്ങളുമായി അവർ കാത്തിരിക്കുകയാണ് വോട്ട് ദിനത്തിനായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.