നവജാതശിശുവിന്‍റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിന്‍റേതല്ലെന്ന്

മാസംതികയാതെ ജനിക്കുന്ന ശിശുക്കൾ മരണപ്പെട്ടാൽ മൃതദേഹങ്ങൾ ഫ്രീസറിൽ സൂക്ഷിക്കും ഗാന്ധിനഗർ: മാലിന്യത്തിൽനിന്നും ലഭിച്ച നവജാത ശിശുവിന്‍റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിന്‍റേതല്ലെന്ന് അധികൃതർ. മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിൽ നടന്നിട്ടുള്ള പ്രസവത്തിൽ ഒരു നവജാതശിശുവും മരണപ്പെട്ടിട്ടില്ല. മെഡിക്കൽ കോളജിലെ ബയോ മെഡിക്കൽ മാലിന്യങ്ങൾ മഞ്ഞ പ്ലാസ്റ്റിക് കവറിലാണ് സൂക്ഷിക്കുന്നത്. അടുത്ത ദിവസങ്ങളിലൊന്നും ഗൈനക്കോളജി ഭാഗത്തു നിന്നും പ്ലാസ്റ്റിക് മാലിന്യം കയറ്റി വിട്ടിട്ടില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. നാലാം വാർഡിന് (സൈക്യാട്രിക് വാർഡ്) സമീപത്തുള്ള, ശേഖരണകേന്ദ്രത്തിൽ നിന്നുമാണ് ഏജൻസി കൊണ്ടുപോയിട്ടുള്ളതെന്നും അധികൃതർ പറയുന്നു. ഗൈനക്കോളജി വിഭാഗത്തിൽ മാസംതികയാതെ ജനിക്കുന്ന നവജാതശിശുക്കൾ മരണപ്പെട്ടാൽ മൃതദേഹങ്ങൾ ഫ്രീസറിൽ സൂക്ഷിക്കുകയാണ് പതിവ്. ഫ്രീസർ നിറയുമ്പോൾ സർക്കാർ ചെലവിൽ സംസ്കരിക്കും. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ മൃതദേഹം ഫ്രീസറിനുള്ളിൽനിന്നും നീക്കിയിട്ടുമില്ല. എല്ലാ ദിവസവും പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു കൊണ്ടുപോകാറുണ്ട്. ഒരു ലോഡ് തികക്കാൻ മറ്റ് സർക്കാർ ആശുപത്രികളിൽ നിന്നുള്ള മാലിന്യംകൂടി ശേഖരിച്ച് ഒരു ലോഡ് പൂർത്തിയാക്കിയാണ് അമ്പലമുകളിലുള്ള സംസ്കരണ പ്ലാന്‍റിൽ എത്തുന്നത്. അതിനാൽ മറ്റേതെങ്കിലും ആശുപത്രികളിൽ നിന്നോ, അല്ലെങ്കിൽ മെഡിക്കൽ കോളജിലെ കവറിൽ ആരെങ്കിലും മൃതദേഹം നിക്ഷേപിച്ചതോ ആയിരിക്കാം. കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ സർക്കാർ ആശുപത്രികളിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന ഏജൻസിക്ക് മൃതദേഹം കത്തിച്ചുകളയാൻ അവകാശമുണ്ടെന്നും, അതിനാൽ അവർ മൃതദേഹം കത്തിച്ചുകളഞ്ഞെന്നും അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞതായി അമ്പലമുകൾ എസ്.എച്ച്.ഒ ലാൽ സി.ബേബി അറിയിച്ചു. കോട്ടയം മെഡിക്കൽ കോളജിൽനിന്നും കയറ്റിക്കൊണ്ടുപോയ മാലിന്യത്തി​ന്‍റെ കൂടെയാണ് നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചക്കായിരുന്നു മെഡിക്കൽ കോളജ് നാലാം വാർഡിന് സമീപത്തുള്ള മാലിന്യശേഖര പ്ലാന്‍റിൽനിന്ന് അമ്പലമുകളിലുള്ള മാലിന്യസംസ്കരണ പ്ലാന്‍റിലേക്ക് പ്ലാസ്റ്റിക് മാലിന്യം കൊണ്ടുപോയത്. കേരള എൻവയ്റോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കീൽ) എന്ന സർക്കാർ ഏജൻസിയാണ് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനുള്ള കരാർ എടുത്തിരിക്കുന്നത്. ശനിയാഴ്ച മാലിന്യം വേർതിരിക്കുമ്പോഴാണ് കെട്ടിയ ചുവന്ന പ്ലാസ്റ്റിക് കവറിനുള്ളിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ കുഞ്ഞിന്‍റെ മൃതദേഹം കണ്ടത്. കവറുകളുടെ ബാച്ച്​ നമ്പർ പരിശോധിച്ചപ്പോൾ കോട്ടയം മെഡിക്കൽ കോളജിൽനിന്നുള്ള കവറാണെന്ന് ഏജൻസിയുടെ മാനേജർ പറയുന്നു. നവജാത ശിശുവിന്‍റെ മരണം സംബന്ധിച്ച് ആശുപത്രിയിൽ നിന്നുള്ള രേഖകൾസഹിതം പ്രത്യേക സംവിധാനത്തിലാണ് അയക്കാറുള്ളതെന്നും, അതിനാൽ മാലിന്യത്തിൽനിന്നും മൃതദേഹം പ്രത്യേകമായി പ്ലാന്‍റിൽ സംസ്കരിക്കും. ഇത്തരം മാലിന്യങ്ങൾ ഇൻസിനറേറ്ററിൽ നേരിട്ട് കത്തിച്ചുകളയുകയാണ് ചെയ്യുന്നതെന്നും ഏജൻസി പറയുന്നു. എന്നാൽ, കോട്ടയം മെഡിക്കൽ കോളജിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന സ്ഥലത്ത് മറ്റാരെങ്കിലും നവജാത ശിശുവിന്‍റെ മൃതദേഹം കവറിൽ നിക്ഷേപിച്ചതാവാം എന്നും അധികൃതർ സംശയിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.