കോട്ടയം: ചൂടിന് ആശ്വാസമായെങ്കിലും കർഷകപ്രതീക്ഷകളെ കണ്ണീരിൽമുക്കി വേനൽമഴ. കാത്തിരിപ്പിനൊടുവിൽ തകർത്തുപെയ്ത വേനൽമഴയിൽ ജില്ലയിലെ കർഷകർക്കുണ്ടായത് 2.33 കോടിയുടെ നാശനഷ്ടങ്ങൾ. ലക്ഷക്കണക്കിനു രൂപയുടെ വാഴയാണ് മഴയിൽ നിലംപൊത്തിയത്. ഭൂരിഭാഗവും കുലക്കാറായതായിരുന്നു. ഇത് കർഷകസങ്കടം ഇരട്ടിപ്പിക്കുന്നു.
കൃഷി വകുപ്പിന്റെ പ്രാഥമിക കണക്കനുസരിച്ച് 294 കർഷകരെയാണ് മഴ ബാധിച്ചത്. കാർഷികവിളകൾ നശിച്ചതിന്റെ നഷ്ടപരിഹാരം ഉടൻ അനുവദിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. കഴിഞ്ഞ മഴക്കാലത്തെ അടക്കമുള്ള കൃഷിനാശത്തിന്റെ നഷ്ടപരിഹാരം കർഷകർക്ക് ഇതുവരെ ലഭിച്ചിട്ടില്ല. നൂറുകണക്കിന് കർഷകരാണ് പണം കാത്തിരിക്കുന്നത്.
ഇത്തവണ വാഴ കർഷകർക്കാണ് വേനൽമഴ കനത്ത പ്രഹരമായത്. ഏപ്രിൽ 20 മുതൽ ബുധനാഴ്ച വരെയുള്ള കണക്കനുസരിച്ച് ജില്ലയിൽ 41,219 ഏത്തവാഴയാണ് നിലംപൊത്തിയത്. കടുത്തുരുത്തിയിലാണ് ഏറ്റവും കൂടുതൽ വാഴ നശിച്ചത്-23,000. കോട്ടയം- 5237, മാടപ്പള്ളി-190, വാഴൂർ-40, കാഞ്ഞിരപ്പള്ളി-12, പാലാ-150, ഉഴവൂർ-4330, വൈക്കം-770, ഏറ്റുമാനൂർ-510 എന്നിങ്ങനെയാണ് മറ്റ് സ്ഥലങ്ങളിലെ കണക്ക്.
കടുത്ത ചൂടിൽ വലിയതോതിൽ എത്തവാഴകൾ കരിഞ്ഞുണങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് മഴയുടെ രൂപത്തിൽ അടുത്ത തിരിച്ചടി. കാഞ്ഞിരപ്പള്ളി (ഒമ്പത്), പാലാ (100), ഉഴവൂർ (15) എന്നിങ്ങനെയായി 124 റബർ മരങ്ങളും മഴയിലും കാറ്റിലും ഒടിഞ്ഞു. പാലാ, കടുത്തുരുത്തി, ഉഴവൂർ എന്നിവിടങ്ങളിലായി 5.4 ഹെക്ടറിലെ പച്ചക്കറിയും നശിച്ചു. 77 തെങ്ങിനും നാശമുണ്ടായി. ജാതി, കപ്പ എന്നിവക്കും നാശമുണ്ടായിട്ടുണ്ട്.
പതിവിന് വിരുദ്ധമായി ഇത്തവണ നെൽ കർഷകരെ മഴ കാര്യമായി ബാധിച്ചില്ല. ഇത് ജില്ലയുടെ പടിഞ്ഞാറൻ മേഖലക്ക് ആശ്വാസമായി. മഴ വൈകിയെത്തിയതിനൊപ്പം പടിഞ്ഞാറൻ മേഖലയിൽ കാര്യമായ തോതിൽ വേനൽമഴ പെയ്യാത്തതും നെൽ കർഷകർക്ക് ആശ്വാസമായി. നെല്ല് സംഭരണത്തിൽ മഴ പ്രശ്നം സൃഷ്ടിക്കുന്നുത് പതിവായിരുന്നു. ഇത്തവണ പ്രതിസന്ധികളില്ലാത്ത സംഭരണം ഏറെക്കുറെ പൂർത്തിയായി. ഇത് സപ്ലൈകോക്കും കർഷകർക്കും ആശ്വാസമായി.
കോട്ടയം: വേനൽമഴ നിറവിൽ ജില്ല. കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ കണക്കനുസരിച്ച് ജില്ലയിൽ 37 ശതമാനം അധികമഴയാണ് പെയ്തത്. 297.9 മില്ലീമീറ്റർ മഴയാണ് മാർച്ച് ഒന്നുമുതൽ കഴിഞ്ഞദിവസം വരെ ജില്ലയിലുണ്ടായത്. കാലാവസ്ഥ വകുപ്പ് 216.7 മില്ലീമീറ്റർ മഴയായിരുന്നു പ്രതീക്ഷിച്ചത്. ഇതും മറികടന്ന് ജില്ലയിൽ മഴ ലഭിക്കുകയായിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അധികമഴ ലഭിച്ചതും ജില്ലയിലാണ്. ഏറ്റവും കൂടുതൽ മഴ ലഭിച്ച ജില്ലകളിൽ രണ്ടാം സ്ഥാനവും കോട്ടയത്തിനാണ്. ഒന്നാം സ്ഥാനത്ത് പത്തനംതിട്ടയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.