കോട്ടയം: ജില്ലയിലെ ബ്ലാക്ക് സ്പോട്ടുകൾ കേന്ദ്രീകരിച്ച് പൊലീസും മോട്ടോർ വാഹന വകുപ്പും നടത്തിയ പരിശോധനയിൽ ആദ്യ ദിനത്തിൽ കുടുങ്ങിയത് 71 പേർ. വിവിധ നിയമലംഘനങ്ങളിൽ ഇവരിൽനിന്നായി 2.50 ലക്ഷം രൂപ പിഴയും ഈടാക്കി.
പരിശോധനക്ക് തുടക്കമിട്ട ചൊവ്വാഴ്ച കോടിമത മുതൽ മണർകാട് വരെയാണ് പരിശോധന നടത്തിയത്. ബുധനാഴ്ച ചങ്ങനാശ്ശേരി-കറുകച്ചാൽ പാതയിലാണ് പരിശോധന നടത്തിയത്.
സംസ്ഥാനത്ത് റോഡപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ജില്ലയിലും പരിശോധനക്ക് തുടക്കമിട്ടത്. നിയമലംഘകരെ പിടികൂടാൻ പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്ത പരിശോധനയാണ് നടത്തുന്നത്. ജനുവരി 16 വരെ തുടരുന്ന പരിശോധനയുടെ ഭാഗമായി എല്ലാ ദിവസവും പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും വാഹനങ്ങൾ എട്ട് മണിക്കൂർ വരെ പാതകളിൽ നിരീക്ഷണത്തിലുണ്ടാകും.
ജില്ലയിൽ 28 ബ്ലാക്ക് സ്പോട്ടുകൾ ഉണ്ടെന്ന് നേരത്തേ മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. ദേശീയ പാതയിൽ ഏഴും സംസ്ഥാന പാതയിൽ 21മാണ് കടുത്ത അപകടമേഖലകൾ. അപകടസാധ്യത കൂടിയ ഈ മേഖലകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും നിരീക്ഷണം. ആദ്യഘട്ടത്തിൽ അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കൽ, ഹെൽമറ്റ് ധരിക്കാതെ വാഹനമോടിക്കൽ, സീറ്റ്ബെൽറ്റ് ധരിക്കാതെ വാഹനമോടിക്കൽ, അമിതഭാരം കയറ്റി സർവിസ് നടത്തുക. എന്നിവയാണ് പരിശോധിക്കുന്നത്.
കടുത്ത പിഴ ചുമത്തുന്നത് ഉൾപ്പെടെയുള്ള നടപടികളുമുണ്ട്. ശിക്ഷാനടപടികളെക്കാൾ ബോധവത്കരണവും അപകടസാധ്യത കുറക്കാനുള്ള നിർദേശങ്ങളുമാണ് നൽകുന്നതെന്ന് ജില്ല എൻഫോഴ്സ്മെന്റ് വിഭാഗം പറഞ്ഞു. എന്നാൽ, മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. മുൻകാല ചരിത്രം പരിശോധിച്ച് കൂടുതൽ തവണ പിടിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ലൈസൻസ് റദ്ദാക്കുന്ന നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.
ദീർഘദൂര യാത്രക്കാർക്ക് വേണ്ട നിർദേശങ്ങൾ നൽകുന്നതിനൊപ്പം എത്രമണിക്കൂർ ഡ്രൈവ് ചെയ്തെന്ന് അന്വേഷിക്കുന്നുമുണ്ട്. ബസുകളുടെ മത്സരയോട്ടം തടയാൻ പ്രത്യേക പരിശോധനയും നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ബസ് സ്റ്റാൻഡുകളിൽ പരിശോധനയും ബോധവത്കരണവും നടത്തുന്നുണ്ട്. ശബരിമല ജോലിക്കായി ഉദ്യോഗസ്ഥരെ നിയമിച്ചതിനാൽ പരിശോധനക്ക് ഉദ്യോഗസ്ഥരുടെ കുറവും അനുഭവപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.