മുണ്ടക്കയം: രണ്ടുമാസത്തിലധികമായി വന്യമൃഗങ്ങളുടെ ശല്യം വര്‍ധിച്ചുവരുന്ന മുണ്ടക്കയത്തിനടുത്ത് കണ്ണിമല, പുലിക്കുന്ന് പ്രദേശങ്ങളില്‍നിന്ന് പുലിയെ പിടികൂടിയെങ്കിലും കാട്ടാനക്കൂട്ടം വിട്ടൊഴിയാത്തത് നാടിനെ ഭീതിയിലാക്കുകയാണ്.കഴിഞ്ഞ രാത്രിയില്‍ പുലിക്കുന്നിലെ വിവിധ പ്രദേശങ്ങളില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം നിരവധി കൃഷിയിടങ്ങള്‍ നശിപ്പിച്ചു.
പുലിക്കുന്ന് ചവരുംപ്ലാക്കലില് ഷമീറിന്റെ കൃഷിയിടത്തിലെ വാഴകള്‍ ആനക്കൂട്ടം നശിപ്പിച്ചു. തെക്കാനം പൊയ്കയില്‍ പ്രകാശിന്റെയും ഓലിക്കപ്പാറ റെജിയുടെയും വീട്ടുമുറ്റത്തുനിന്ന തെങ്ങും വാഴയും ഉൾപ്പെടെയാണ് കഴിഞ്ഞദിവസം നശിപ്പിച്ചത്. കാട്ടാനക്കൂട്ടം ഇറങ്ങുമ്പോള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി തിരികെ കാട് കയറ്റിവിട്ടിരുന്നു. എന്നാൽ, ഇപ്പോള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വരാതെയായി.
നാട്ടുകാര്‍ തന്നെയാണ് പടക്കം പൊട്ടിച്ചും ഒച്ചയിട്ടും ആനകളെ കൃഷിയിടത്തില്‍നിന്ന് തുരത്തുന്നത്. ജനവാസമേഖലക്ക് സമീപം നിലയുറപ്പിക്കുന്ന കാട്ടാനക്കൂട്ടം അടുത്തദിവസം വീണ്ടുമെത്തും. ആനകളെ ഉള്‍വനത്തിലേക്ക് കയറ്റിവിട്ടാല്‍ മാത്രമേ മേഖലയില്‍ ഉണ്ടാകുന്ന കാട്ടാന ആക്രമണത്തിന് താൽക്കാലിക പരിഹാരമാകൂവെന്ന് നാട്ടുകാര്‍ പറയുന്നു. ആനശല്യമുണ്ടാവുമ്പോൾ ഓടിയെത്തുന്ന ജനപ്രതിനിധികള്‍ ഉടന്‍ സോളാര്‍വേലികള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുന്നതല്ലാതെ ജനങ്ങൾക്ക് ഭീതിയില്ലാതെ കഴിയാനാവശ്യമായ നടപടി ഒന്നും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.