കോട്ടയം: ഒന്നാംഘട്ട നിർമാണം പൂർത്തിയായിട്ടും ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെ കാത്തിരിക്കുകയാണ് നാട്ടകം മറിയപ്പള്ളിയിലെ അക്ഷരമ്യൂസിയം. മുഖ്യമന്ത്രിയുടെ സൗകര്യം നോക്കി രണ്ടുതവണ ഉദ്ഘാടനം മാറ്റിവെച്ചെങ്കിലും പുതിയ തീയതി പ്രഖ്യാപിക്കാനായിട്ടില്ല. ഒക്ടോബർ 19നാണ് ആദ്യം ഉദ്ഘാടനം പ്രഖ്യാപിച്ചിരുന്നത്. മന്ത്രി വി.എൻ. വാസവൻ മുഖ്യരക്ഷാധികാരിയായി സ്വാഗതസംഘം രൂപവത്കരിക്കുകയും ചെയ്തു.
എന്നാൽ, പിന്നീട് മുഖ്യമന്ത്രിക്ക് ഒഴിവില്ലെന്ന കാരണത്താൽ 28ലേക്ക് മാറ്റി. അന്ന് പാമ്പാടിയിൽ ശ്രീനിവാസ രാമാനുജൻ ശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടം ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി എത്തിയിരുന്നെങ്കിലും അക്ഷര മ്യൂസിയത്തിന്റെ കാത്തിരിപ്പ് പിന്നെയും നീണ്ടു. മ്യൂസിയത്തിൽ സ്ഥാപിച്ച കാരൂർ നീലകണ്ഠപിള്ളയുടെ പ്രതിമയുടെ അനാച്ഛാദനവും മുഖ്യമന്ത്രി വന്നാലേ നടക്കൂ. എസ്.പി.സി.എസിന്റെ സ്ഥാപകരിലൊരാളായ കഥാകാരൻ കാരൂരിന്റെ നീലകണ്ഠപിള്ളയുടെ കൃഷ്ണശിലയിൽ തീർത്ത അർഥകായ പ്രതിമ മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ ആഘോഷമായി കൊണ്ടുവന്ന് മ്യൂസിയം കോംപ്ലക്സിൽ സ്ഥാപിച്ചിട്ടുള്ളത്.
നാലുഘട്ടത്തിലായാണ് അക്ഷരമ്യൂസിയം നിർമിക്കുന്നത്. മൂന്നു നിലയിലായി നിർമിച്ച കെട്ടിടത്തിൽ നാല് ഗാലറി, തിയറ്റർ തുടങ്ങിയവയാണ് ഒരുക്കിയിട്ടുള്ളത്. മലയാളഭാഷയുടെ ഉൽപത്തിയും വളർച്ചയുമാണ് വാമൊഴി, വരമൊഴി, അച്ചടി എന്ന ആദ്യഘട്ടത്തിൽ ക്രമീകരിച്ചിട്ടുള്ളത്. വാമൊഴിയിൽനിന്ന് ചിത്രലിപിയിലേക്കുള്ള മാറ്റവും അച്ചടിയുടെ ചരിത്രവും നേരിലറിയാം.
ഗുഹകളിലെ ചിത്രലിപികൾ, ഗോത്ര ലിപികൾ, വട്ടെഴുത്ത്, കോലെഴുത്ത്, താളിയോലകൾ, മൃഗങ്ങളുടെയും മരങ്ങളുടെയും തോൽ, മുള, പനയോല, ആമത്തോട്, പട്ട്, തുടങ്ങിയ എഴുത്തുപ്രതലങ്ങൾ, നാരായം, പഴയ തരം മഷിക്കുപ്പി, താളിയോലകൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന പെട്ടി, കേരളത്തിൽ അച്ചടിച്ച ആദ്യത്തെ പുസ്തകമായ ചെറുപൈതങ്ങൾക്ക് ഉപകാരാർഥം, സംക്ഷേപവേദാർഥം, ഗുട്ടൻ ബർഗിന്റെ 42 വരി ബൈബിൾ, റമ്പാൻ ബൈബിൾ, എസ്.പി.സി.എസുമായി ബന്ധപ്പെട്ട നൂറോളം പ്രശസ്തരുടെ ഒപ്പ്, പഴയ പത്രങ്ങൾ, പ്രസാധന ചരിത്രം, തുടങ്ങിയവക്കു പുറമെ കാരൂർ നീലകണ്ഠപിള്ളയുടെ കൈയക്ഷരത്തിലെഴുതിയ മിനിറ്റ്സ് തുടങ്ങി എണ്ണിയാൽ തീരാത്ത കൗതുകങ്ങളാണ് കാഴ്ചക്കാർക്കായി മ്യൂസിയത്തിൽ കാത്തിരിക്കുന്നത്. ഈ വിവരങ്ങൾക്കൊപ്പം എല്ലാറ്റിനും ക്യു.ആർ കോഡുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.