കോട്ടയം: ഷേക്സ്പിയറും ബർണാഡ്ഷായും പൗലോ കൊയ്ലോയും അഗത ക്രിസ്റ്റിയും ചേതൻ ഭഗതും അരുന്ധതി റോയിയുമടക്കം ലോകപ്രശസ്ത എഴുത്തുകാർ അക്ഷരനഗരിയിലെ തെരുവോരത്ത് നിരന്നിരിക്കുകയാണ്. ആദ്യ വായനക്കല്ല, പല വായനകൾ കഴിഞ്ഞ്, പല കൈകൾ മറിഞ്ഞ് വീണ്ടും അക്ഷരങ്ങളെ തേടിയെത്തുന്നവർക്കായി. ഇവരെപോലെ നൂറുകണക്കിന് എഴുത്തുകാരാണ് നാഗമ്പടത്ത് നെഹ്റു പാർക്കിന് എതിർവശത്ത് പഴയ പുസ്തകങ്ങൾ വിൽക്കുന്ന ശാലയിൽ വായനയുടെ വസന്തം വിടർത്തുന്നത്. മൂന്നു കടകളാണുള്ളത്.
തിരുവനന്തപുരം സ്വദേശികളായ ഷക്കീർ, അനസ്, ജലീൽ എന്നിവരാണ് വഴിയോരത്തെ പുസ്തകശാലകൾ നടത്തുന്നത്. മലയാള പുസ്തകങ്ങൾ അപൂർവമാണ്. ഇംഗ്ലീഷ് പുസ്തകങ്ങളാണ് അധികവും. മൂന്നു കടകളിലുമായി നാലുലക്ഷത്തിനടുത്ത് പുസ്തകങ്ങളുണ്ട്. നോവലുകൾ മാത്രമല്ല, വിദ്യാർഥികൾക്കുള്ള പുസ്തകങ്ങളും പരീക്ഷസഹായികളും ലഭിക്കും. തിരുവനന്തപുരത്തുനിന്നാണ് അധികം പുസ്തകങ്ങളും കൊണ്ടുവരുന്നത്. ഹൈദരാബാദ്, തിരുനെൽവേലി, ബംഗളൂരു എന്നിവിടങ്ങളിൽനിന്നും പുസ്തകങ്ങളെത്തിക്കും. വായിച്ചുകഴിഞ്ഞവരും പഠനം കഴിഞ്ഞ വിദ്യാർഥികളും പുസ്തകങ്ങൾ നൽകും.
അനസിന് തിരുവനന്തപുരത്തും ഇത്തരത്തിൽ പുസ്തകശാലകളുണ്ട്. പാതിവിലയിലും കുറച്ചാണ് പുസ്തകങ്ങൾ വിൽക്കുന്നത്. മലയാള പുസ്തകങ്ങൾ കൊണ്ടുവന്നാൽ പെട്ടെന്നുതീരുമെന്ന് 15 വർഷമായി കട നടത്തുന്ന പൂവച്ചൽ സ്വദേശി ഷക്കീർ പറഞ്ഞു. ഷക്കീറിെൻറ സഹോദരൻ ഷാജിയാണ് ഇവിടെ നേരേത്ത കട നടത്തിയിരുന്നത്. പിന്നീട് ഷക്കീർ ഏറ്റെടുക്കുകയായിരുന്നു. ഒരു ലക്ഷത്തോളം പുസ്തകങ്ങളാണ് ഷക്കീറിെൻറ കടയിലുള്ളത്. 10ാം ക്ലാസ് മുതൽ സിവിൽ സർവിസ് വരെയുള്ള അക്കാദമിക പുസ്തകങ്ങളും ഇവിടെയുണ്ട്. ആവശ്യമനുസരിച്ച് പുതിയ പുസ്തകങ്ങളും എത്തിച്ചുനൽകും. വിദ്യാർഥികളടക്കം നിരവധി പേരാണ് തെരുവോരത്തെ ഈ പുസ്തകശാലകൾ തേടിയെത്തുന്നത്. കോവിഡുകാലത്തിെൻറ മാന്ദ്യം കഴിഞ്ഞതോടെ വായനയുടെ വാതായനങ്ങൾ തുറന്നിടുകയാണ് ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.