കോട്ടയം: അമൃത് സമ്പൂർണ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് കോട്ടയം നഗരസഭ കൗൺസിലിൽ ജല അതോറിറ്റിക്ക് രൂക്ഷവിമർശനം. പൈപ്പുകൾ സ്ഥാപിക്കാൻ കുഴിച്ച റോഡുകൾ പുനർനിർമിക്കാൻ നടപടിയില്ല, നിർമാണ സാമഗ്രികൾക്ക് ഗുണനിലവാരമില്ല, കണക്ഷനുകൾ നൽകുന്നതിൽ വീഴ്ച വരുത്തുന്നു തുടങ്ങി നിരവധി പരാതികളാണ് കൗൺസിലർമാർ ഉന്നയിച്ചത്. നഗരസഭയെ നോക്കുകുത്തിയാക്കി കരാറുകാരുടെ താൽപര്യം സംരക്ഷിക്കാൻ ജല അതോറിറ്റി ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായും വിമർശനമുയർന്നു. നിർമാണപ്രവൃത്തികൾ നടക്കുന്ന സ്ഥലങ്ങളിൽ മേൽനോട്ടം വഹിക്കാൻ ഉദ്യോഗസ്ഥരില്ലെന്നും നേരത്തെ നഗരസഭയെ അറിയിച്ച അളവിലുള്ള പൈപ്പുകളല്ല സ്ഥാപിക്കുന്നതെന്നും കക്ഷിഭേദമന്യ കൗൺസിലർമാർ പറഞ്ഞു.
അമൃത് പദ്ധതിക്കായി അധികതുക ആവശ്യപ്പെട്ട് ജല അതോറിറ്റി നഗരസഭക്ക് നൽകിയ കത്ത് ചർച്ചക്കെടുത്തപ്പോഴായിരുന്നു പരാതിപ്രവാഹം. ഇടറോഡുകളിൽ പൈപ്പ് സ്ഥാപിക്കുന്നതിലും കോടിമത, നാട്ടകം ഭാഗങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന കാര്യത്തിലും വ്യക്തത വരുത്താൻ ഉദ്യോഗസ്ഥർ തയാറാകുന്നില്ല. നഗരസഭയുടെ ഫണ്ട് കൂടി ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതിയായിട്ടും കൗൺസിലിന്റെ ആവശ്യങ്ങൾ പരിഗണിക്കുന്നില്ല. കുടിവെളളവിതരണം തുടങ്ങുംമുമ്പ് ബില്ല് ലഭിച്ചുവെന്നതടക്കമുള്ള വിമർശനങ്ങളും യോഗത്തിലുയർന്നു. അമൃത് പദ്ധതിയുടെ മറവിൽ പഴയ പൈപ്പുകൾ മാറ്റി സ്ഥാപിക്കാനാണ് അതോറിറ്റി ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി.
ഇതോടെ ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ യോഗം ചേർന്നശേഷം മാത്രം അധിക തുകക്ക് അനുമതി നൽകിയാൽ മതിയെന്ന് കൗൺസിൽ തീരുമാനിച്ചു. വിഷയം പിന്നീട് ചർച്ച ചെയ്യാനായി മാറ്റി.
’നിലാവ്’ പദ്ധതിയിൽ കെ.എസ്.ഇ.ബി വീഴ്ച വരുത്തുന്നതായും യോഗം ആരോപിച്ചു. കത്താത്ത ബൾബുകൾക്ക് പകരം പുതിയത് സ്ഥാപിക്കാൻ തയാറാകുന്നില്ല. ഏഴ് വർഷത്തെ അറ്റകുറ്റപണികൾക്കുള്ള ചുമതല കെ.എസ്.ഇ.ബിക്കാണ്. ലൈറ്റുകൾ തെളിക്കാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.ഇ.ബി ഓഫീസിനുമുന്നിൽ ചെയർപേഴ്സണിന്റെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം നടത്തണമെന്നും ആവശ്യമുയർന്നു. ഉടൻ നടപടി ആവശ്യപ്പെട്ട് കെ.എസ്.ഇ.ബിക്ക് കത്ത് നൽകാനും തീരുമാനമായില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കാനും യോഗം തീരുമാനിച്ചു. നഗരത്തിലെ നിർമാണപ്രവൃത്തികളുടെ ടെൻഡർ നടപടികളിൽ ഉദ്യോഗസ്ഥർ താമസം വരുത്തുന്നതായും ആരോപണമുയർന്നു. നഗരസഭയുടെ അടഞ്ഞുകിടക്കുന്ന നാഗമ്പടത്തെയും നാട്ടകത്തെയും ഓഡിറ്റോറിയങ്ങൾ അടുത്ത സാമ്പത്തികവർഷത്തിൽ തുറന്നുകൊടുക്കാനുള്ള നടപടി സ്വീകരിക്കാനും തീരുമാനിച്ചു. ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.