ചങ്ങനാശ്ശേരി: ആറന്മുള വള്ളസദ്യയുമായി ബന്ധപ്പെട്ട് കെ.എസ് .ആർ.ടി.സി ആറന്മുള വള്ളസദ്യയും അഞ്ചമ്പലദർശനവും തീർഥാടന ടൂർ പാക്കേജ് ആരംഭിക്കുന്നു. 28 മുതൽ സംസ്ഥാനത്തെ 14 ജില്ലകളിൽനിന്നുമുള്ള ഡിപ്പോകളിലും ബുക്കിങ് ആരംഭിക്കും.കഴിഞ്ഞ വർഷം മുതലാണ് കെ.എസ്.ആർ.ടി.സി ഇങ്ങനെ ഒരു തീർഥാടന പാക്കേജ് ആരംഭിച്ചത്. ഒക്ടോബർ രണ്ടുവരെയാണ് വള്ളസദ്യ നടക്കുന്നത്.
തീർഥാടകർ തൃക്കൊടിത്താനം, തിരുവാറൻമുള, തൃപ്പുല യൂർ, തൃചിറ്റാറ്റ്, തിരുവ വണ്ടൂർ മഹാക്ഷേത്രങ്ങളിലെ ദർശനത്തിനൊപ്പം ആറന്മുള വള്ളസദ്യയും പൈതൃക കാഴ്ചകളും പാണ്ഡവർ കാവ് ദേവീക്ഷേത്ര ദർശനവും പാക്കേജിന്റെ ഭാഗമാണ്. ഇതിനുള്ള എല്ലാ ക്രമീകരണവും ദേവസ്വം ബോർഡും ക്ഷേത്രോപദേശക സമിതികളും ആരംഭിച്ചു കഴിഞ്ഞു.
പഞ്ചപാണ്ഡവ ക്ഷേത്രദർശന പുണ്യം നേടി ആറൻമുള സദ്യ കഴിക്കാനെത്തുന്ന കെ.എസ്.ആർ.ടി.സി തീർഥാടക സംഘങ്ങൾക്ക് അഞ്ച് മഹാക്ഷേത്രങ്ങളിലും അടിസ്ഥാനസൗകര്യം ഒരുക്കാൻ തിരുആറന്മുള പള്ളിയോടസേവ സംഘം ഓഫിസിൽ ചേർന്ന ക്ഷേത്രോപദേശക സമിതി പ്രസിസന്റുമാരുടെയും ദേവസ്വം ഉദ്യോഗസ്ഥരുടെയും പള്ളിയോട സേവാസംഘം ഭാരവാഹികളുടെയും സംയുക്ത യോഗം തീരുമാനിച്ചു. അഞ്ചമ്പലത്തിലും നട തുറക്കുന്നതും അടക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണനയിലാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആറന്മുള എ.സി.ആർ. പ്രകാശിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ പഞ്ച പാണ്ഡവക്ഷേത്ര ഏകോപന സമിതി ചെയർമാൻ ബി. രാധാകൃഷ്ണമേനോൻ അധ്യക്ഷത വഹിച്ചു.
പള്ളിയോടസേവസംഘം പ്രസിഡന്റ് രാജൻ മൂലവീട്ടിൽ യോഗം ഉദ്ഘാടനം ചെയ്തു. പഞ്ച പാണഡവ ക്ഷേത്രോപദേശക സമിതി പ്രസിസന്റുമാരായ മധുസൂധനൻ നായർ സോപാനം, വി.കെ. രാധാകൃഷ്ണൻ തിരുവൻ വണ്ടൂർ, കെ.ബി. സുധീർ ആറന്മുള, ഹരിദാസ് എസ്.ജി.ഒ പുലിയൂർ, കെ.എസ്.ആർ.ടി.സി ടൂറിസം കോഓഡിനേറ്റർമാരായ സന്തോഷ് കുമാർ, ആർ. അനീഷ്, പള്ളിയോട സേവ സംഘം സെക്രട്ടറി പാർത്ഥസാർഥി പിള്ള, വി.കെ. ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.