കോട്ടയം: അന്തർ സർവകലാശാല കായികമേളകളിൽ വിജയം നേടിയ കായികതാരങ്ങൾക്ക് എം.ജി സർവകലാശാലയുടെ ആദരം. 2021-22, 2022-23 വർഷങ്ങളിൽ അഖിലേന്ത്യ അന്തർ സർവകലാശാല, ദക്ഷിണമേഖല അന്തർസർവകലാശാല ചാമ്പ്യൻഷിപ്പുകളിൽ വിജയം നേടിയവരെയാണ് ആദരിച്ചത്. 2021-22 വർഷം കായികമേഖലയിൽ മികവ് പുലർത്തിയ കോളജുകൾക്കുള്ള പുരസ്കാരവും സമ്മാനിച്ചു. എം.എ കോളജ് കോതമംഗലം, യു.സി കോളജ് ആലുവ, മഹാരാജാസ് കോളജ് എറണാകുളം എന്നിവ യഥാക്രമം ഒന്നുമുതൽ മൂന്നുവരെ സ്ഥാനങ്ങൾ നേടി.
പ്രധാനകവാടത്തിന് സമീപത്തുനിന്ന് വാദ്യമേളത്തോടെ സ്വീകരിച്ച് ആനയിച്ച താരങ്ങളെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിന് സമീപം വൈസ് ചാൻസലർ പ്രഫ. സാബു തോമസ്, അർജുന അവാർഡ് ജേതാവും മുൻ രാജ്യാന്തര വോളിബാൾ താരവുമായ ടോം ജോസഫ്, രജിസ്ട്രാർ ഡോ. ബി. പ്രകാശ് കുമാർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
അസംബ്ലി ഹാളിൽ ചേർന്ന സമ്മേളനം വൈസ് ചാൻസലർ ഉദ്ഘാടനം ചെയ്തു. കൂടുതൽ മികവാർന്ന നേട്ടങ്ങൾ കൈവരിക്കുന്നതിന് കായിക താരങ്ങൾക്ക് സർവകലാശാലയുടെ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സർവകലാശാലയുടെ ആദരം കായികതാരങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുമെന്ന് വിശിഷ്ടാതിഥി ടോം ജോസഫ് പറഞ്ഞു. സിൻഡിക്കേറ്റ് അംഗം പി. ഹരികൃഷ്ണൻ അധ്യക്ഷത വഹിച്ചു. രജിസ്ട്രാർ ഡോ. ബി. പ്രകാശ് കുമാർ, സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ ഡയറക്ടർ ഡോ. ബിനു ജോർജ് വർഗീസ്, പരീക്ഷ കൺട്രോളർ സി.എം. ശ്രീജിത്, ഫിനാൻസ് ഓഫിസർ ബിജു മാത്യു എന്നിവർ സംസാരിച്ചു. വിവിധ കോളജുകളുടെ മാനേജർമാർ, പ്രിൻസിപ്പൽമാർ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.