കോട്ടയം: ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കോട്ടയത്തും കനത്ത ആശങ്ക. കോട്ടയത്ത് വെച്ചൂർ, കല്ലറ പഞ്ചായത്തുകളിലായി ആയിരക്കണക്കിന് താറാവുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ചത്തത്. ആലപ്പുഴയിൽ രോഗം സ്ഥിരീകരിച്ചതോടെ കോട്ടയത്തേതും പക്ഷിപ്പനിയാകുമെന്നാണ് കർഷകരുടെ നിഗമനം.
എന്നാൽ, മൃഗസംരക്ഷണ വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിലേക്ക് വെച്ചൂരിലെ ചത്ത താറാവുകളുടെ സാംപിളുകൾ നൽകിയിട്ടുണ്ടെന്നും ഫലം വന്നിട്ടില്ലെന്നും കോട്ടയം ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. ഷാജി പണിക്കശ്ശേരി പറഞ്ഞു.
അതേസമയം, കോട്ടയത്തെ പരിശോധനഫലം വൈകുമെന്നാണ് സൂചന. ചൊവ്വാഴ്ച സാംപിൾ കൊണ്ടുപോകാനാണ് തീരുമാനിച്ചിരുന്നതെങ്കിലും വിമാന അധികൃതർ ഉടക്കിട്ടതോടെ അത് മുടങ്ങി. വ്യാഴാഴ്ചയാണ് ഇത് ഭോപാലിലെ ലാബിൽ എത്തിക്കാൻ കഴിഞ്ഞത്.
അണുബാധയുള്ള വസ്തുക്കൾ കയറ്റാൻ കഴിയില്ലെന്ന സ്വകാര്യ വിമാനക്കമ്പനി അധികൃതരുടെ നിലപാടാണ് തിരിച്ചടിയായത്. ജില്ല ഭരണകൂടവും സിയാൽ അധികൃതരുമടക്കം ഇടപെട്ടിട്ടും വിമാനക്കമ്പനി അധികൃതർ അയഞ്ഞില്ല. ഇതോടെ ജീവനക്കാരൻ മടങ്ങി. തുടർന്ന് പുതിയ സാംപിൾ ബുധനാഴ്ച രാത്രി എയർ ഇന്ത്യ വിമാനത്തിൽ െകാണ്ടുപോകുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ ഇത് ലാബിന് കൈമാറിയിട്ടുണ്ട്. ചത്ത താറാവുകളിൽനിന്ന് ശേഖരിച്ച സാംപിളുകൾ തിരുവല്ലയിലെ ലാബിൽ പരിശോധിച്ചപ്പോൾ മരണകാരണം പൂപ്പൽ വിഷബാധയാണെന്നാണ് കെണ്ടത്തിയിരുന്നത്.
കോട്ടയത്ത് വെച്ചൂർ പഞ്ചായത്തിൽ മാത്രം പതിനായിരത്തോളം താറാവുകളാണ് ചത്തത്. എണ്ണം കുറഞ്ഞെങ്കിലും വ്യാഴാഴ്ചയും കല്ലറ, വെച്ചൂർ എന്നിവിടങ്ങളിൽ താറാവുകൾ ചത്തിട്ടുണ്ട്. കല്ലറ പഞ്ചായത്തിലെ ഒറ്റയാനിച്ചിറ സുരേഷിെൻറ അയ്യായിരത്തിലധികം താറാവുകളാണ് ഇതുവരെ ചത്തത്. താറാവുകൾക്ക് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ക്രിസ്മസ് സീസണിന് തൊട്ടുമുമ്പ് പക്ഷിപ്പനി സ്ഥിരീകരിച്ചത് കർഷകരെയും വ്യാപാരികളെയും അങ്കലാപ്പിലാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.