കോട്ടയം: പക്ഷിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി നാലുജില്ലകളിൽ വളർത്തുപക്ഷികൾക്ക് ഏർപ്പെടുത്തിയ നിരോധനം ഇറച്ചിക്കോഴി വിൽപനയെയും ബാധിച്ചേക്കും. ഡിസംബര്‍ 31വരെ കോഴി, താറാവ്, കാട ഉള്‍പ്പെടെ വളര്‍ത്തുപക്ഷികളെ നിയന്ത്രണമേഖലക്ക് അകത്തേക്ക് കൊണ്ടുവരാനോ പുറത്തേക്ക് കൊണ്ടുപോകാനോ പാടില്ലെന്നാണ് സർക്കാർ വിജ്ഞാപനം. ഇറച്ചിക്കോഴികളെ കൊണ്ടുവരുന്നതിനും വിലക്ക് ബാധകമാണെന്നാണ് മൃഗസംരക്ഷണവകുപ്പ് വ്യക്തമാക്കുന്നത്. ഇതനുസരിച്ച് പ്രതിരോധം കടുപ്പിച്ചാൽ ഇറച്ചിക്കോഴി, താറാവ് വില്പന നിലച്ചേക്കും.
തമിഴ്നാട്ടില്‍നിന്നും മറ്റ് ജില്ലകളിൽനിന്നുമാണ് ഇറച്ചിക്കോഴികളെ ഈ പ്രദേശങ്ങളിലേക്ക് എത്തിക്കുന്നത്. നിലവിലുള്ള സ്റ്റോക്ക് തീര്‍ന്നാല്‍ പുതിയത് എത്തിക്കാന്‍ അനുമതി നല്‍കില്ലെന്നാണ് മൃഗസംരക്ഷണ വകുപ്പ് പറയുന്നത്. എന്നാൽ, നിയന്ത്രണമുള്ള മേഖലകളിൽ വളർത്തുന്ന ഇറച്ചിക്കോഴികളെ കടകളിൽ വിൽക്കാമെങ്കിലും ഈ പ്രദേശങ്ങളിൽ കോഴിവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ ചുരുക്കമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. മാത്രമല്ല, ഇത്തരം കേന്ദ്രങ്ങളിലേക്ക് കുഞ്ഞുങ്ങളെ എത്തിക്കുന്നത് മറ്റ് സ്ഥലങ്ങളില്‍ നിന്നാണ്. ഇതിനും വിലക്കുള്ളതിനാൽ തദ്ദേശീയ വില്പന പൂര്‍ണമായും നിലക്കുമെന്നതാണ് സ്ഥിതി.
പക്ഷിപ്പനി വൈറസ് വ്യാപനം തടയാൻ ലക്ഷ്യമിട്ട് സെപ്റ്റംബർ രണ്ടിനാണ് സർക്കാർ വിജ്ഞാപനമിറക്കിയത്. ആലപ്പുഴ ജില്ല മൊത്തമായും കോട്ടയം ജില്ലയിലെ മൂന്ന് താലൂക്കുകളും പത്തനംതിട്ടയിലെ രണ്ട് താലൂക്കുകളും പത്ത് തദ്ദേശസ്ഥാപനങ്ങളും എറണാകുളത്തെ നാലു പഞ്ചായത്തുകളുമാണ് നിരീക്ഷണ മേഖലകളായി പ്രഖ്യാപിച്ചിരിക്കുന്നത്. വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും ഇതുവരെ നിരോധനം പൂര്‍ണമായി പ്രാവര്‍ത്തികമായിരുന്നില്ല. ഇതിനിടെ, കഴിഞ്ഞ ദിവസം കോട്ടയത്ത് കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിരോധനം ശക്തമാക്കുന്നതിന്റെ ഭാഗമായി ഗതാഗതം, മൃഗസംരക്ഷണം, പൊലീസ്, ആരോഗ്യം, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ സംയുക്ത സ്ക്വാഡ് രൂപവത്കരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതോടെയാണ് ആശങ്ക ശക്തമായത്.
ഇറച്ചിക്കോഴി വിതരണത്തിന് നിരോധനം വന്നാല്‍, പ്രതിസന്ധി രൂക്ഷമാകുമെന്ന് ഹോട്ടല്‍, തട്ടുകട ഉടമകളും പറയുന്നു. നിയന്ത്രണം കടുപ്പിക്കുമെന്ന് മൃഗസംരക്ഷണവകുപ്പ് വ്യക്തമാക്കിയതോടെ കോഴിവ്യാപാരികളും ആശങ്കയിലാണ്.
അതേസമയം, ശീതികരിച്ച(ഫ്രോസൻ) കോഴി, താറാവ് ഇറച്ചി എന്നിവ നിയന്ത്രണമേഖലകളിലേക്ക് കൊണ്ടുവരാൻ തടസ്സമില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് പറയുന്നു. അടവെച്ച് വിരിയിക്കാൻ കഴിയില്ലെങ്കിലും ഭക്ഷ്യാവശ്യത്തിനായി മുട്ടകൾ എത്തിക്കാൻ കഴിയുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.