കോട്ടയം: കുമരകം റോഡിലെ കോണത്താറ്റ് പാലം നിർമാണവുമായി ബന്ധപ്പെട്ട് താൽക്കാലിക റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതോടെ വൻകുരുക്ക്. ഇതോടെ കുമരകത്തേക്കുള്ള യാത്ര രണ്ടാംദിനവും ദുഷ്കരമായി. മണിക്കൂറുകൾ കാത്തുകിടന്നാൽ മാത്രമേ താൽക്കാലിക റോഡിന്റെ മറുകരയെത്താൻ കഴിയുകയുള്ളൂവെന്നതാണ് സ്ഥിതി.
കോണത്താറ്റ് പാലത്തിന്റെ പ്രവേശന പാതക്കായുള്ള പൈലിങ് ജോലികൾക്കായാണ് ബുധനാഴ്ച മുതൽ താൽക്കാലിക റോഡിൽ വൺവേ സംവിധാനം ഏർപ്പെടുത്തിയത്. ഒരുസമയം ഒരുഭാഗത്തുനിന്നുള്ള വാഹനങ്ങൾക്ക് മാത്രമാണ് റോഡിലൂടെ കടത്തിവിടുന്നത്. ഇതോടെ ഇരുഭാഗത്തും ഒരു കിലോമീറ്ററിലധികം ദൂരത്തിലാണ് വാഹനങ്ങൾ താൽക്കാലിക പാത മറികടക്കാൻ കാത്തുകിടന്നത്.
ഗതാഗതനിയന്ത്രണം അറിയാതെ ദൂരസ്ഥലങ്ങളിൽനിന്ന് എത്തിയവരടക്കം വ്യാഴാഴ്ച മണിക്കൂറുകളോളം കുരുക്കിലായി. വൺവേ ട്രാഫിക്കിന് പകരം ഒരുഭാഗത്തുനിന്നുള്ള വാഹനങ്ങൾ പൂർണമായും മറ്റേതെങ്കിലും വഴി തിരിച്ചുവിടണമെന്നാണ് യാത്രക്കാരുടെ ആവശ്യം. എന്നാൽ, സമാന്തര പാതയായി ഉപയോഗിക്കാൻ കഴിയുമായിരുന്ന ചീപ്പുങ്കൽ-മണിയാപറമ്പ് റോഡ് തകർന്നുകിടക്കുകയാണ്. പൈലിങ് നടത്തുന്നതിന്റെ സമീപത്തുള്ള വൈദ്യുതി ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കാത്തതും ഗതാഗതക്കുരുക്ക് വർധിക്കാൻ കാരണമാകുന്നതായി നാട്ടുകാർ പറയുന്നു.
കുമരകം പൊലീസിന്റെ നേതൃത്വത്തിൽ വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പലപ്പോഴും വിജയിക്കുന്നില്ല. കുരുക്ക് രൂക്ഷമായതോടെ ജോലികൾ വേഗത്തിൽ പൂർത്തിയാക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. രാത്രിയും പൈലിങ് നടത്തുകയാണ്. 24 മണിക്കൂറും പ്രവൃത്തി നടക്കുന്നുണ്ടെന്നും മറ്റ് തടസ്സങ്ങളുണ്ടായില്ലെങ്കിൽ ശനിയാഴ്ച പണി പൂർത്തിയാക്കാൻ കഴിയുമെന്നും കരാറുകാരൻ പറഞ്ഞു.
2022 നവംബറിലാണ് പഴയ കോണത്താറ്റ് പാലം പൊളിച്ചത്. 18 മാസമാണ് നിർമാണക്കാലാവധി നിശ്ചയിച്ചിരുന്നതെങ്കിലും വിവിധ കാരണങ്ങളാൽ വൈകുകയായിരുന്നു.
കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ വർഷം പാലം പണി പൂർത്തിയായെങ്കിലും സമീപനപാത തയാറായില്ല. പ്രവേശന പാതയുടെ രൂപരേഖയിൽ അടക്കം അന്തിമ തീരുമാനം വൈകിയത് നിർമാണത്തെ ബാധിക്കുകയായിരുന്നു. ഇത് പരിഹരിച്ചാണ് ഇപ്പോൾ സമീപ പാതയുടെ ജോലികൾ ആരംഭിച്ചിരിക്കുന്നത്. അടുത്തവർഷം ഏപ്രിലോടെ പാലം തുറന്നുനൽകാൻ കഴിയുമെന്നാണ് ഇപ്പോൾ അധികൃതർ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.