കോട്ടയം: ജില്ല ജനറൽ ആശുപത്രിയിലെ കെട്ടിടങ്ങളിലെ അപകടാവസ്ഥക്ക് കാരണം ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും വീഴ്ചയും. യഥാസമയം കെട്ടിടത്തിൽ അറ്റകുറ്റപ്പണി നടത്താത്തതാണ് പ്രശ്നം. കെട്ടിടങ്ങൾ അപകടാവസ്ഥ പറഞ്ഞ് പൂട്ടിയിടാനും ആശുപത്രിയിൽ ഒ.പി മാത്രമാക്കാനുമാണ് ഉദ്യോഗസ്ഥർക്ക് താൽപര്യമെന്നും ആക്ഷേപമുണ്ട്. അതതു വാർഡുകളുടെ ചുമതലയുള്ളവർ കൃത്യമായി കെട്ടിടങ്ങളുടെ പോരായ്മകളും അപാകതകളും ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകുന്നുണ്ട്. ഇത്തരത്തിൽ നിരവധി റിപ്പോർട്ട് ഉദ്യോഗസ്ഥരുടെ കൈകളിലെത്തിയിട്ടുണ്ടെങ്കിലും ഒന്നിനും നടപടിയെടുത്തില്ല.
പ്രസവ വാർഡിൽ കോൺക്രീറ്റ് ഇളകി നിൽക്കുന്നതായി നാലുമാസം മുമ്പ് എഴുതി നൽകിയതാണ്. ഇതാണ് കഴിഞ്ഞ ദിവസം ഇളകി വീണത്. പൊളിഞ്ഞുവീണ ശേഷം അറ്റകുറ്റപ്പണി നടത്താൻ തീരുമാനമായി. കെട്ടിടങ്ങൾക്കു മുകളിൽ പലയിടത്തും ആൽ വളർന്നു. ഇത് കൃത്യമായി നീക്കുന്നില്ല. അടുത്തെങ്ങും വാർഷിക അറ്റകുറ്റപ്പണി നടന്നിട്ടില്ല. കഴിഞ്ഞ ദിവസം ആശുപത്രിയിൽ ചേർന്ന യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ആരാഞ്ഞപ്പോഴാണ് ഇക്കാര്യം വെളിപ്പെട്ടത്. പൂട്ടിക്കിടക്കുന്ന അഞ്ചാം വാർഡ് അറ്റകുറ്റപ്പണിക്ക് പണം കൈമാറിയിട്ട് രണ്ടു മാസമായിരുന്നു.
അടിയന്തരമായി 10 ദിവസത്തിനകം പണി ആരംഭിക്കാൻ എം.എൽ.എ കർശന നിർദേശം നൽകിയിരിക്കുകയാണ്. ആശുപത്രി വികസനസമിതി തീരുമാനങ്ങൾ കൃത്യമായി നടപ്പാക്കാറില്ല. നേത്രരോഗ വിഭാഗം പൂട്ടും മുമ്പ് ബദൽ സൗകര്യം ഒരുക്കണമെന്ന് വികസന സമിതിയിൽ തീരുമാനമെടുത്തിരുന്നു. അത് മറികടന്നാണ് പൊളിച്ചുമാറ്റിയത്. ഇക്കാര്യം സമിതിയെ അറിയിച്ചുമില്ല. ഇപ്പോൾ ശസ്ത്രക്രിയക്ക് പാമ്പാടി താലൂക്ക് ആശുപത്രിയിലെത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.