കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ഇടത്-വലത് മുന്നണി സ്ഥാനാർഥികളായതോടെ പോരാട്ടച്ചൂടിലേക്ക് കോട്ടയം മണ്ഡലം. എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും സംസ്ഥാനത്തെ ആദ്യസ്ഥാർഥി പ്രഖ്യാപനം കൂടിയായിരുന്നു ഇത്. 47 വർഷത്തിനുശേഷമാണ് ഇരു കേരള കോൺഗ്രസുകളും കോട്ടയത്ത് നേർക്കുനേർ വരുന്നത്. ഇത് പോരിന് വാശി കൂട്ടുന്നുണ്ട്. ഒപ്പം ഇരുമുന്നണിയിലും ആശങ്കയും നിറയുന്നു. എൽ.ഡി.എഫ് സ്ഥാനാർഥിയായി സിറ്റിങ് എം.പി തോമസ് ചാഴികാടനെ ദിവസങ്ങൾക്ക് മുമ്പാണ് എൽ.ഡി.എഫ് പ്രഖ്യാപിച്ചത്. പ്രചാരണരംഗത്ത് സജീവമായതിനൊപ്പം ഇദ്ദേഹത്തിനായുള്ള ചുവരെഴുത്തുകൾ നിറയുകയും ചെയ്തു. ഇതോടെയാണ് യു.ഡി.എഫ് സ്ഥാനാർഥി ചർച്ചകൾ അതിവേഗമാക്കിയത്.
യു.ഡി.എഫ് സീറ്റ് ചർച്ചയിൽ കോട്ടയം സീറ്റ് കേരള കോൺഗ്രസിനെന്നും കൊല്ലം സീറ്റ് ആർ.എസ്.പിക്കുമെന്ന് ധാരണയായിരുന്നു. തുടർന്നാണ് പി.ജെ. ജോസഫ് തന്റെ വിശ്വസ്തനായ ഫ്രാൻസിസ് ജോർജിനെ കോട്ടയത്തേക്ക് നിർദേശിച്ചത്. കോൺഗ്രസ് സംസ്ഥാന- ജില്ല ഘടകങ്ങളും ഇതിൽ താൽപര്യം കാട്ടിയതോടെയാണ് പ്രഖ്യാപനത്തിലേക്ക് നീങ്ങിയത്. കോട്ടയത്തെ കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫിസിലായിരുന്നു പ്രഖ്യാപനം. ജനാധിപത്യ കേരള കോൺഗ്രസിൽനിന്ന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പാണ് ഫ്രാൻസിസ് ജോർജ് ജോസഫ് ഗ്രൂപ്പിലേക്ക് മടങ്ങിയെത്തിയത്.
കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി. തോമസ്, എക്സിക്യൂട്ടിവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ, സെക്രട്ടറി ജനറൽ ജോയി എബ്രഹാം, വക്കച്ചൻ മറ്റത്തിൽ, ഇ.ജെ. അഗസ്തി, ഡി.കെ. ജോൺ, ജോൺ കെ. മാത്യൂസ്, കെ.എഫ്. വർഗീസ്, മാത്യു ജോർജ്, അഹമ്മദ് തോട്ടത്തിൽ, ഡോ. എബ്രഹാം കലമണ്ണിൽ, കുഞ്ഞുകോശി പോൾ, ജോർജ് കുന്നപ്പുഴ, സജി മഞ്ഞക്കടമ്പിൽ, യു.ഡി.എഫ് ജില്ല കൺവീനർ ഫിൽസൺ മാത്യൂസ്, പ്രഫ. ഷീല സ്റ്റീഫൻ, അപു ജോൺ ജോസഫ്, തോമസ് കണ്ണന്തറ, പ്രഫ. എം.ജെ. ജേക്കബ്, ഷിബു തെക്കുംപുറം, വർഗീസ് മാമ്മൻ, ജേക്കബ് എബ്രഹാം, എ.കെ. ജോസഫ്, ജയ്സൺ ജോസഫ്, പ്രിൻസ് ലൂക്കോസ്, വി.ജെ. ലാലി, മാഞ്ഞൂർ മോഹൻകുമാർ, വർഗീസ് വെട്ടിയാങ്കൽ, റോയി ഉമ്മൻ എന്നിവർ പങ്കെടുത്തു.
എന്‍.ഡി.എ സ്ഥാനാർഥിയായി ബി.ഡി.ജെ.എസ് ചെയര്മാന് തുഷാര്‍ വെള്ളാപ്പള്ളി എത്തുമെന്നാണ് സൂചനയെങ്കിലും മുന്നണി പ്രചാരണത്തിലേക്ക് കടന്നിട്ടില്ല. അതേസമയം, ജില്ലയുടെ പരിധിയില്‍ വരുന്ന പത്തനംതിട്ട, മാവേലിക്കര മണ്ഡലങ്ങളില്‍ കൃത്യമായ വിവരങ്ങളായിട്ടില്ല. ഇരു മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ മാത്രമാണ് ധാരണയായിട്ടുള്ളത്. ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങള്‍ പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലാണ്. ചങ്ങനാശ്ശേരി നിയോജകമണ്ഡലം മാവേലിക്കരയിലും. പത്തനംതിട്ടയില്‍ ആന്റോ ആന്റണിതന്നെ യു.ഡി.എഫിനായി നാലാം തവണയും മത്സരിക്കുമെന്ന് ഉറപ്പായി.
ഇത്തവണ പത്തനംതിട്ടയില്‍ മുന്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന. അദ്ദേഹം, മണ്ഡലത്തില്‍ സജീവവുമാണ്. ഐസക് അല്ലെങ്കില്‍ റാന്നി മുന്‍ എം.എല്‍.എ രാജു എബ്രഹാം സ്ഥാനാര്‍ഥിയാകും. ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ വോട്ടു കിട്ടുന്ന മണ്ഡലങ്ങളിലൊന്നായ പത്തനംതിട്ടയില്‍ പി.സി. ജോര്‍ജ് സ്ഥാനാര്‍ഥിയാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, ഷോണ്‍ ജോര്‍ജാകും സ്ഥാനാര്‍ഥിയാകുകയെന്നാണ് ഒടുവിലെ സൂചനകള്‍. മാവേലിക്കരയില്‍ മൂന്നാം തവണയും കൊടിക്കുന്നില്‍ സുരേഷ് യു.ഡി.എഫ് സ്ഥാനാര്‍ഥിയാകും.
കൊടിക്കുന്നിലും ഇത്തവണ മത്സരിക്കാന്‍ ആഗ്രഹമില്ലെന്നു നേതൃത്വത്തെ അറിയിച്ചിരുന്നുവെങ്കിലും അനുമതി നല്‍കിയിരുന്നില്ല. കൊടിക്കുന്നിലിനെ നേരിടാന്‍ ഇത്തവണ സി.പി.ഐ യുവസ്ഥാനാഥിയായി അരുണ്‍ കുമാറിനെ ഇറക്കും. ബി.ജെ.പി സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.