കോട്ടയം: കാർഷികോൽപാദനക്ഷമത വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ കേന്ദ്ര പദ്ധതിയെ വിശ്വസിച്ച് കാർഷികോപകരണങ്ങൾ വാങ്ങിയവർക്ക് സബ്സിഡി തുക ലഭിച്ചില്ലെന്ന് പരാതി. കാർഷിക യന്ത്രവത്കരണ ഉപപദ്ധതി (സ്മാം) വഴി ഉപകരണങ്ങൾ വാങ്ങിയവരാണ് സബ്സിഡി തുകക്കുവേണ്ടി ഓഫിസുകൾ കയറിയിറങ്ങുന്നത്. ഒരു വര്‍ഷത്തിനിടെ കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങിയവർക്കാണ് ഈ ദുർഗതി. സബ്സിഡി തുക വൈകാനുള്ള കാരണം സംബന്ധിച്ച് കൃത്യമായ വിശദീകരണം അധികൃതരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നുമില്ല.
കേന്ദ്രസർക്കാർ പണം ലഭ്യമാക്കിയില്ലെന്ന് സർക്കാർ വൃത്തങ്ങൾ പറയുമ്പോൾ സംസ്ഥാന സർക്കാർ വകമാറ്റി ചെലവഴിച്ചതാണ് പദ്ധതിയുടെ താളം തെറ്റിച്ചതെന്ന ആക്ഷേപം ചില കർഷക സംഘടനകൾ ഉന്നയിക്കുന്നു. ചെറുകിട കർഷകർ, വനിതകൾ, പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപെട്ടവർ എന്നിവർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. അംഗീകൃത കർഷക കൂട്ടായ്മകൾ, പാടശേഖരസമിതികൾ, കാർഷിക കർമസേനകൾ തുടങ്ങിയവക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കാൻ 10 ലക്ഷം രൂപവരെയുള്ള പ്രോജക്ടുകൾക്ക് 80 ശതമാനം വരെ സബ്സിഡി പദ്ധതി വാഗ്ദാനം ചെയ്യുന്നു. കാർഷിക യന്ത്രങ്ങളുടെ വാടകകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് സംരംഭകർക്ക് 40 ശതമാനം സബ്സിഡിയുമാണ് വാഗ്ദാനം. ഗുണഭോക്താവിന് ഒരു സാമ്പത്തിക വർഷത്തിൽ രണ്ട് ഉപകരണങ്ങൾ അനുവദിക്കും.
ആ പദ്ധതിയുടെ അടിസ്ഥാനത്തിൽ സബ്സിഡി ലഭിക്കുമെന്ന പ്രതീക്ഷയിൽ കാർഷികോൽപന്നങ്ങൾ വാങ്ങിയവരാണ് നെട്ടോട്ടം ഓടുന്നത്. ഉപകരണത്തിന് ചെലവായതിന്റെ പകുതി തുക കര്‍ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്ന നിലയിലാണ് സ്മാം പദ്ധതി. സ്മാം പദ്ധതി കൂടുതല്‍ കര്‍ഷകരിലേക്ക് എത്തിക്കാന്‍ കുടുംബശ്രീ വഴി കാമ്പയിൻ തുടങ്ങിയിരുന്നു. ഇത്തരത്തിൽ ആകൃഷ്ടരായവരുൾപ്പെടെയാണ് ഇപ്പോൾ കുടുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.